വാഹന മോഡിഫിക്കേഷനിൽ ജനാഭിപ്രായം തേടി എംവിഡി; പ്രത്യേക സർവേ ആരംഭിച്ചു

തിരുവനന്തപുരം: വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളെയും (മോഡിഫിക്കേഷൻ) വ്യക്തിഗത പേഴ്‌സണലൈസേഷനെയും കുറിച്ചുള്ള പൊതുജനാഭിപ്രായം തേടി കേരള മോട്ടോർ വാഹന വകുപ്പ് (എംവിഡി) പ്രത്യേക സർവേ ആരംഭിച്ചു. വാഹന മോഡിഫിക്കേഷനുകളുമായി ബന്ധപ്പെട്ട നിർദേശങ്ങളും ആശങ്കകളും ശേഖരിച്ച് വ്യക്തവും പുരോഗമനപരവുമായ നയരേഖ തയ്യാറാക്കുക എന്നതാണ് സർവേയുടെ ലക്ഷ്യം.

വാഹനപ്രേമികളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾ ശേഖരിക്കുന്നതോടൊപ്പം, വിവിധ മോഡിഫിക്കേഷനുകളുടെ നിയമസാധുതയും പരിശോധിക്കും. റോഡ് സുരക്ഷയും നിലവിലുള്ള പരിസ്ഥിതി മാനദണ്ഡങ്ങളും പൂർണമായും പാലിച്ചുകൊണ്ട് വാഹന ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കുന്ന നയം രൂപപ്പെടുത്താനാണ് എംവിഡി ശ്രമിക്കുന്നത്.

വാഹനങ്ങളിൽ ഏത് തരത്തിലുള്ള മോഡിഫിക്കേഷനുകൾ അനുവദിക്കണം, രൂപമാറ്റങ്ങൾ എത്രത്തോളം സ്വീകാര്യമാകണം, ഇത്തരം മാറ്റങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്നങ്ങൾ എന്തൊക്കെയാണെന്നിങ്ങനെ നിരവധി പ്രധാന ചോദ്യങ്ങളാണ് ഗൂഗിൾ ഫോം മുഖേന നടത്തുന്ന സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സർവേയിൽ ലഭിക്കുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും വിലയിരുത്തിയ ശേഷമാകും വാഹന മോഡിഫിക്കേഷനുകളുമായി ബന്ധപ്പെട്ട തുടർനടപടികളും നയപരമായ തീരുമാനങ്ങളും സ്വീകരിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button