തൃഷയെ അധിക്ഷേപിച്ച് എഐഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാർ; മുഖ്യമന്ത്രി വിജയിയെയും വിമർശിച്ച് പരാമർശം

ചെന്നൈ: നടി തൃഷയെ അധിക്ഷേപിക്കുന്ന പരാമർശവുമായി എഐഡിഎംകെയുടെ മുതിർന്ന നേതാവ് ആർ.ബി. ഉദയകുമാർ രംഗത്ത്. മുഖ്യമന്ത്രിയെ നേരിൽ കാണാൻ കഴിയുന്നത് തൃഷയ്ക്ക് മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വൈകാതെ തൃഷയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന പരിഹാസവും അദ്ദേഹം ഉന്നയിച്ചു. രാത്രി 12 മണിക്ക് മുഖ്യമന്ത്രിക്കൊപ്പം കേക്ക് മുറിക്കാൻ മറ്റാർക്കും കഴിയില്ലെന്നും ഉദയകുമാർ വിമർശിച്ചു.

അതേസമയം, മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ അഭിനയജീവിതത്തിലെ അവസാന ചിത്രമെന്ന് പ്രഖ്യാപിച്ച ‘ജനനായകൻ’ റിലീസ് ചെയ്ത ദിവസം സംസ്ഥാന സർക്കാർ അപ്രഖ്യാപിത അവധി പ്രഖ്യാപിച്ചതുപോലെയായിരുന്നുവെന്ന ആരോപണവും ഉദയകുമാർ ആവർത്തിച്ചു.

മുഖ്യമന്ത്രി മുതൽ മന്ത്രിമാർ വരെയുള്ള ഭരണനേതൃത്വം സിനിമ കാണുന്നതിനാണ് അന്ന് മുഴുവൻ ശ്രദ്ധ നൽകിയതെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയടക്കം മന്ത്രിമാരും എംഎൽഎമാരും ഭരണകക്ഷി നേതാക്കളും റിലീസ് ദിനത്തിൽ തിയറ്ററുകളിൽ എത്തി സിനിമ കാണുകയും സെൽഫികൾ ഉൾപ്പെടെയുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തുവെന്നും അദ്ദേഹം വിമർശിച്ചു.

ആഴ്ചയിൽ ഒരിക്കൽ നടത്തേണ്ട പ്രധാന ഔദ്യോഗിക ചുമതലകൾ പോലും അന്ന് മാറ്റിവെച്ചതായി ആരോപിച്ച ഉദയകുമാർ, ഭരണനിർവഹണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സർക്കാർ സിനിമ ആഘോഷിക്കുന്നതിലായിരുന്നു മുഴുവൻ ശ്രദ്ധയെന്നും പറഞ്ഞു. റിലീസ് ദിനം ഉത്സവമായി ആഘോഷിക്കണമെന്ന മന്ത്രിമാരുടെ ആഹ്വാനത്തെയും അദ്ദേഹം പരിഹസിച്ചു.

കാവേരി ഡെൽറ്റയിലെ ജലസേചന പ്രശ്നം, കർണാടകയുമായുള്ള ജലവിതരണ തർക്കം, മേക്കേദാട്ടു അണക്കെട്ട് വിഷയം തുടങ്ങിയ ജനകീയ വിഷയങ്ങളിൽ സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ലെന്നും ഉദയകുമാർ ആരോപിച്ചു. തിയറ്ററിനുള്ളിൽ വികാരാധീനരായ മന്ത്രിമാർ കർഷകരുടെ പ്രശ്നങ്ങൾക്കാണോ കണ്ണീർ പൊഴിച്ചതെന്ന് ചോദിച്ച അദ്ദേഹം, സിനിമകളിലെ പഞ്ച് ഡയലോഗുകളും സാങ്കൽപ്പിക പ്രതിച്ഛായകളും യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും വിമർശിച്ചു.

കാലം യാഥാർഥ്യം തുറന്നുകാട്ടുമ്പോൾ മുഖ്യമന്ത്രിയുടെ സിനിമാറ്റിക് പ്രതിച്ഛായ തകരുമെന്നും അപ്പോൾ യുവാക്കൾ യാഥാർഥ്യം തിരിച്ചറിയുമെന്നും ആർ.ബി. ഉദയകുമാർ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button