സുരക്ഷാ വീഴ്ച ആവർത്തിച്ച് പി.എസ്.സി; പരീക്ഷാ വിലയിരുത്തലിൽ ഗുരുതര ആരോപണം

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ നിയമനത്തിനായുള്ള പരീക്ഷാ മൂല്യനിർണ്ണയത്തിൽ അതീവ ഗുരുതരമായ സുരക്ഷാവീഴ്ചയെന്ന് കണ്ടെത്തൽ. സുരക്ഷാ പരിശോധനകൾ ഒട്ടും തന്നെ നടത്താത്ത സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് ഉദ്യോഗാർത്ഥികളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം നടത്തിയതെന്ന് പി.എസ്.സി. ആഭ്യന്തര വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പരീക്ഷാ വിഭാഗത്തിന്റെ ഡിജിറ്റൽ മൂല്യനിർണ്ണയ സംവിധാനമായ ഓൺ സ്ക്രീൻ മാർക്കിങ് രീതിയിൽ കൃത്യമായ സുരക്ഷാ പരിശോധന വേണമെന്ന നിർദ്ദേശങ്ങൾ പി.എസ്.സി. കമ്മീഷൻ പൂർണ്ണമായി അവഗണിച്ചു.
പി.എസ്.സി. ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകളിൽ ഐ.ടി. ഓഡിറ്റിങ്ങും നടത്തിയിട്ടില്ലെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. ആസൂത്രണ ബോർഡ് പരീക്ഷയിൽ മാത്രമല്ല, കെ.എ.എസ് പരീക്ഷകളുടെ മൂല്യനിർണ്ണയവും ഇതേ സുരക്ഷാ പാളിച്ചയുള്ള സോഫ്റ്റ്വെയർ വഴിയാണ് നടത്തിയതെന്നും റിപ്പോർട്ടിലുണ്ട്. പി.എസ്.സിയിൽ രജിസ്റ്റർ ചെയ്ത ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ ഹാക്കർമാർ ചോർത്തി ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വെച്ച സംഭവം മുൻപ് വലിയ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് സോഫ്റ്റ്വെയറുകളിലെ ഈ കടുത്ത വീഴ്ചയും പുറത്തുവരുന്നത്. വിവിധ സർക്കാർ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും നിയമനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ മൂന്നാഴ്ചയ്ക്കകം നിലവിലുള്ള എല്ലാ ഒഴിവുകളും കണ്ടെത്തി പി.എസ്.സിക്ക് നിർബന്ധമായും റിപ്പോർട്ട് ചെയ്യാണമെന്നാണ് ഉത്തരവ്.



