കായിക രംഗത്ത് അഴിച്ചുപണി; അസോസിയേഷനുകൾ ഓഡിറ്റ് ചെയ്യാൻ മന്ത്രി ഒ.ജെ. ജനീഷ്

കേരളത്തിന്റെ കായിക രംഗത്തെ അഴിമതികൾക്കും സുതാര്യതയില്ലായ്മയ്ക്കും തടയിടാൻ കടുത്ത നടപടികളുമായി കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന എല്ലാ കായിക അസോസിയേഷനുകളിലും സമഗ്രമായ ഓഡിറ്റിങ് നടത്താൻ മന്ത്രി അടിയന്തര നിർദ്ദേശം നൽകി. വിവിധ സംഘടനകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് കായികതാരങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പരാതികൾ വ്യാപകമായ പശ്ചാത്തലത്തിലാണ് കായിക വകുപ്പിന്റെ ഈ നിർണായക ഇടപെടൽ.

ഒഴുക്കൻ മട്ടിലുള്ള മറുപടികൾ നൽകി അസോസിയേഷനുകൾ രക്ഷപ്പെടാതിരിക്കാൻ കൃത്യമായ ഘടനയോട് കൂടിയ ചോദ്യാവലിയാണ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സ്പോർട്സ് കൗൺസിലിന് കൈമാറിയിട്ടുള്ളത്. കൗൺസിലിൽ നിന്ന് നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം എല്ലാ അസോസിയേഷനുകളും കൃത്യമായ രേഖകൾ സഹിതം മറുപടി നൽകണം. ഇതിന് ശേഷം ലഭിക്കുന്ന വിവരങ്ങൾ കൃത്യമായി പരിശോധിച്ചും തരംതിരിച്ചും ഏഴു ദിവസത്തിനുള്ളിൽ സമഗ്രമായ ഒരു സ്ഥിതിവിവര റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാൻ സ്പോർട്സ് കൗൺസിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മികച്ച പ്രവർത്തനം നടത്തുന്നവർ, തെരഞ്ഞെടുപ്പും ഓഡിറ്റും മുടങ്ങിയവർ, വിവാദങ്ങളിൽപ്പെട്ടവർ എന്നിങ്ങനെ കൃത്യമായി വേർതിരിച്ചായിരിക്കണം ഈ റിപ്പോർട്ട്.

നിലവിൽ പല അസോസിയേഷനുകളെക്കുറിച്ചും അപൂർണ്ണമായ വിവരങ്ങൾ മാത്രമാണ് സർക്കാരിന്റെ പക്കലുള്ളത്. ഇത് അർഹരായ കായികതാരങ്ങൾക്ക് കൃത്യസമയത്ത് സർക്കാർ സഹായങ്ങളും മത്സരങ്ങൾക്കുള്ള പിന്തുണയും ലഭിക്കുന്നതിന് വലിയ തടസ്സമാകുന്നുണ്ട്. കുട്ടികളുടെ കായിക മികവ് നേരത്തെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതിനും ഈ കെടുകാര്യസ്ഥത വിഘാതം സൃഷ്ടിക്കുന്നു. ഈ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണാനും, സംഘടനകൾ കായിക മേഖലയുടെ വളർച്ചയ്ക്ക് നൽകുന്ന യഥാർത്ഥ സംഭാവനകൾ വിലയിരുത്താനുമാണ് സർക്കാർ ഇപ്പോൾ കടുത്ത ഓഡിറ്റിങ്ങിന് ഒരുങ്ങുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button