ജർമ്മനിയിൽ ജനക്കൂട്ടത്തിന് നേരെ വെടിവെയ്പ്; അഞ്ച് പേർ കൊല്ലപ്പെട്ടു

ബെർലിൻ: ജർമ്മനിയിൽ ജനക്കൂട്ടത്തിനുനേരെയുണ്ടായ വെടിവെയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. വടക്കൻ ജർമ്മൻ നഗരമായ സ്റ്റേയിഡിലെ യുവജനക്ഷേമ സ്ഥാപനത്തിലാണ് വെടിവെയ്പുണ്ടായത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തതായും നിലവിൽ പൊതുജനങ്ങൾക്ക് മറ്റ് ഭീഷണികളില്ലെന്നും പൊലീസ് അറിയിച്ചു.
ഹാംബർഗിന് പടിഞ്ഞാറായി എൽബ് നദീതീരത്ത് സ്ഥിതിചെയ്യുന്ന സ്റ്റേഡിൽ ഏകദേശം അമ്പതിനായിരം പേർ താമസിക്കുന്നുണ്ട്. സുരക്ഷയുടെ ഭാഗമായി പ്രദേശത്ത് പൊലീസിന്റെ വലിയസംഘത്തെ വിന്യസിച്ചു. പ്രദേശത്തേയ്ക്ക് പ്രവേശിക്കുന്നതിന് ഓൺലൈൻ മീഡിയയ്ക്ക് വിലക്കേർപ്പെടുത്തി.
അതേസമയം, കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നാണ് വിവരം. വെടിവെയ്പിലേക്ക് നയിച്ച കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വിശദമായ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു.



