തിരുവനന്തപുരം കോർപറേഷനിൽ ഭരണമാറ്റമില്ലെന്ന് മേയർ; ബിജെപി ഉറച്ച നിലപാടിൽ

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ അഞ്ചു വർഷത്തേക്ക് ബിജെപി ഏറ്റവും സേഫ് ആണെന്ന് മേയർ വിവി രാജേഷ്. ഈ മാസം 29 ന് കൗൺസിൽ യോഗം നടക്കുമെന്നും പ്രതിപക്ഷത്തിൻ്റെ അവിശ്വാസം വരട്ടെ നേരിടുമെന്നും വിവി രാജേഷ് പ്രതികരിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്നലെയുണ്ടായ എൽഡിഎഫ്-ബിജെപി കൺസിലർമാർ തമ്മിലുള്ള സംഘർഷത്തിലും തുടർ സംഭവങ്ങളിലും മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മേയർ.
കാലിന് പൊട്ടൽ ഇല്ല. ഡിസ്ലോക്കേഷൻ ഉണ്ട്. ഡെപ്യൂട്ടി മേയർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. രാത്രിയോടെ ഡിസ്ചാർജ് ആയി. മേയർ ഓഫീസിൽ വരുന്നത് തടയുന്നത്, ജനങ്ങളെ ബുദ്ധിമുട്ടിക്കലാണ്. ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തുന്നത് സമ്മതിക്കില്ല. കൗൺസിലർമാർ അല്ലാത്ത പൊതുപ്രവർത്തകർ നഗരസഭയ്ക്ക് ഉള്ളിൽ കയറി സമരം ചെയ്യരുത്. ശിവൻകുട്ടി പറയുന്നത് കോമഡിയാണ്. കൗൺസിലർ സുഗതന്റെ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും മേയർ പറഞ്ഞു.
ജനാധിപത്യപരമായ സമരങ്ങൾ നടക്കട്ടെ. സംഘർഷത്തിൽ കേസുകൾ വരുമെന്നും മേയർ പറഞ്ഞു. സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെട്ട എല്ലാ നിർമ്മാണത്തിലും ഫോറൻസിക് പരിശോധന വേണമെന്ന് സർക്കാരിനോട് കോർപറേഷൻ ആവശ്യപ്പെടും. ചീഫ് സെക്രട്ടറിയോട് ഇക്കാര്യം ആവശ്യപ്പെടും. ഫോറൻസിക് ഓഡിറ്റിംഗ് ആവശ്യപ്പെടുമെന്നും മേയർ പറഞ്ഞു. മാലിന്യനീക്കത്തിൽ കെ മുരളീധരൻ പറഞ്ഞതിന് മറുപടി പറയുന്നില്ല. പ്രശ്നങ്ങളെ തമാശയാക്കാനും കമന്റ് അടിക്കാനുമില്ല. നിലവിലെ സിസ്റ്റത്തിൽ നിന്ന് കൊണ്ട് മനുഷ്യസാധ്യമായ എല്ലാം ചെയ്യുന്നുണ്ട്. പ്രധാന പ്രശ്നങ്ങളിൽ പരിഹാം കാണാൻ കോൺക്ലേവ് നടത്തുമെന്നും വിവി രാജേഷ് പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യുഡിഎഫ് നീക്കം. നീക്കത്തിൽ എൽഡിഎഫ് കൈകോർത്താൽ സാഹചര്യം നിർണായകമാകും. തിങ്കളാഴ്ചയാണ് ഇനി കൗൺസിൽ യോഗം നടക്കുക. എന്നാല്‍ കോർപ്പറേഷനില്‍ നടക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തുകളിയാണെന്നും അതിന്റെ ഭാഗമായുള്ള നാടകമാണ് ഇന്നെലെയുണ്ടായ നാടകം എന്നുമാണ് ബിജെപി ആരോപിക്കുന്നത്.
കൗണ്‍സില്‍ യോഗം നീട്ടിവെക്കുന്നതിനെതിരെ യുഡിഎഫും എൽഡിഎഫും വിമർശനം ഉയർത്തിയിരുന്നു അതിന് പിന്നാലെയാണ് യോഗം തിങ്കളാഴ്ചയിലേക്ക് തീരുമാനിച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര് സുഗതന് കാപ്പ കേസില്‍ നിലവില്‍ ജയിലിലാണ്. സുഗതനെ കൗൺസിലർ സ്ഥാനത്തുനിന്ന് നീക്കണം എന്നാണ് എല്‍ഡിഎഫും യുഡിഎഫും ആവശ്യപ്പെടുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ കോർപ്പറേഷനില്‍ എൽഡിഎഫ് നടത്തിയ പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്.
സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര സെക്രട്ടറി കഴിഞ്ഞ ദിവസം അംഗീകാരം നല്‍കുകയും ചെയ്തു. സുഗതന്റെ സത്യപ്രതിജ്ഞയും അസാധുവായിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വീണ്ടും സത്യപ്രതിജ്ഞക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ട് സുഗതൻ ഹൈക്കോടതിയെ സമീപിക്കും. കാപ്പ ഇളവ് തേടി കാപ്പാ ബോർഡിനെയും സമീപിക്കാനാണ് സുഗതന്റെ നീക്കം. പുനർസത്യപ്രതിജ്ഞ ചട്ടവിരുദ്ധമെന്ന പരാതിയിൽ സർക്കാരും നിയമോപദേശം തേടും. 14 ദിവസത്തിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.



