സംസ്ഥാനത്തിന് പുതിയ ചീഫ് സെക്രട്ടറി; ബിശ്വനാഥ് സിൻഹ ചുമതലയേൽക്കും

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ നിയമിച്ചു. നിലവിൽ ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 1992 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് ഈ മാസം 30-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ശാരദ മുരളീധരൻ കഴിഞ്ഞ വർഷം ഏപ്രിൽ 30-ന് വിരമിച്ചതിനെത്തുടർന്നാണ് ജയതിലക് സംസ്ഥാനത്തിന്റെ 50-ാമത് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്.
പുതിയ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലിന്റെ പേരായിരുന്നു നേരത്തെ പ്രധാനമായും പരിഗണിക്കപ്പെട്ടിരുന്നത്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി, സഞ്ജീവ് കൗശിക് എന്നിവരും പരിഗണനാ പട്ടികയിലുണ്ടായിരുന്നു. ഒടുവിൽ ഇവരെ മറികടന്നാണ് ബിശ്വനാഥ് സിൻഹയെ സർക്കാർ ഈ സുപ്രധാന സ്ഥാനത്തേക്ക് നിയോഗിച്ചത്.



