ഉമ്മൻ ചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി; 10 കോടി രൂപ തുടക്ക വകയിരുത്തൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് 10 കോടി രൂപയുടെ തുടക്ക വകയിരുത്തൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമസഭയിലെ ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം.
പദ്ധതിയിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് കവറേജ് ലഭ്യമാക്കും. അപ്രതീക്ഷിതമായ ചികിത്സാച്ചെലവുകൾ മൂലം കുടുംബങ്ങൾക്ക് നേരിടുന്ന സാമ്പത്തിക ബാദ്ധ്യത കുറയ്ക്കുകയാണ് ലക്ഷ്യം.
‘ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായാണ് നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിയുടെ പ്രാരംഭ ചെലവുകൾക്കായി 10 കോടി രൂപ വകയിരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
ഇതിനു മുൻപ് യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ പദ്ധതിയെക്കുറിച്ച് പരാമർശിച്ചിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്ന ഈ പദ്ധതി ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.
കേരളത്തിൽ മുൻപ് നടപ്പിലാക്കിയ ‘കാരുണ്യ’ പദ്ധതിയുടെ തുടർച്ചയായും വിപുലീകരണമായും ഈ പുതിയ ഇൻഷുറൻസ് പദ്ധതി കണക്കാക്കപ്പെടുന്നു. സാധാരണ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകുന്ന സാമൂഹിക സുരക്ഷാ നടപടിയെന്ന നിലയിലാണ് പദ്ധതി വിലയിരുത്തപ്പെടുന്നത്.



