നവകേരള യാത്ര മർദനക്കേസ്; എഡിജിപി ഓഫീസിൽ എസ്‌ഐടി പരിശോധന, രേഖകൾ ശേഖരിച്ചു

നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദിക്കപ്പെട്ട കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. കേസിന്റെ ഭാഗമായി എഡിജിപിയുടെ ഓഫീസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പരിശോധന നടത്തി. സന്ദർശക രജിസ്റ്റർ ഉൾപ്പെടെയുള്ള രേഖകളും എസ്‌ഐടി ശേഖരിച്ചു.
ഓഫീസിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ക്ലബിലെ രേഖകളും പരിശോധിച്ച അന്വേഷണ സംഘം, കേസ് രേഖകളിൽ ഇടപെടൽ നടന്നെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എഡിജിപി ഓഫീസിൽ വച്ച് കേസ് രേഖകൾ തിരുത്തിയെന്ന മുൻ അന്വേഷണ സംഘത്തിന്റെ മൊഴിയാണ് പുതിയ പരിശോധനയ്ക്ക് വഴിവെച്ചത്. ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
സംഭവം നടന്ന സമയത്ത് എം.ആർ. അജിത് കുമാർ ആയിരുന്നു എഡിജിപി. കേസന്വേഷണത്തിന്റെ ഭാഗമായി ആദ്യമായാണ് എഡിജിപി ഓഫീസിൽ നേരിട്ടുള്ള പരിശോധന നടക്കുന്നത്.
അതേസമയം, കേസിലെ അഞ്ച് പൊലീസുകാരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ അപ്പീലിൽ ഹൈക്കോടതി പ്രതികളോട് വിശദീകരണം തേടി. ഈ മാസം 27നകം മറുപടി നൽകാനാണ് കോടതി നിർദേശം.
പിണറായി വിജയന്റെ ഗൺമാന്മാരായ അനിൽ കല്ലിയൂർ, സന്ദീപ് എന്നിവരടക്കമുള്ള അഞ്ച് പ്രതികൾക്ക് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് എസ്‌ഐടിയുടെ ആവശ്യം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിക്കാൻ ഉപയോഗിച്ച ലാത്തി കണ്ടെത്തിയെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ ജാമ്യം അനുവദിച്ചത്.
എന്നാൽ, അന്വേഷണം തുടരുന്ന ഘട്ടത്തിൽ മുൻകൂർ ജാമ്യം അനുവദിച്ചത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് എസ്‌ഐടിയുടെ വാദം. കേസിലെ പുതിയ നീക്കങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിലും പൊലീസ് സംവിധാനത്തിലും കൂടുതൽ ചർച്ചകൾക്ക് വഴിവെക്കുകയാണ്.



