മുല്ലപ്പെരിയാർ വിവാദം വീണ്ടും ചൂടുപിടിക്കുന്നു; കേരളത്തിനെതിരെ വിജയ്

തമിഴ്നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ കേരളത്തിനെതിരെ വിമർശനം ഉയർന്നു. മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിലാണ് പുതിയ സർക്കാർ കടുത്ത നിലപാട് വ്യക്തമാക്കിയത്.

കേരളം പുതിയ അണക്കെട്ട് നിർമിക്കാൻ നടത്തുന്ന ഏത് ശ്രമവും ശക്തമായി എതിർക്കുമെന്നും, പുതിയ അണക്കെട്ടിന് അനുമതി നൽകില്ലെന്നും ടിവികെ സർക്കാർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട്ടിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന ഉറച്ച സന്ദേശമാണ് പ്രസംഗത്തിലൂടെ സർക്കാർ നൽകിയത്.

തമിഴ്നാടിന്റെ കൂടി ചുമതലയുള്ള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് നയപ്രഖ്യാപന പ്രസംഗം നടത്തിയത്. പുതിയ നിയമസഭാംഗങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ടിവികെ ജാതി, മതം, പണം എന്നിവയ്ക്ക് അതീതമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ള പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

പെരിയാർ, അണ്ണാദുരൈ, അംബേദ്കർ എന്നിവരുടെ ചിന്തകൾ ഉയർത്തിക്കാട്ടിയ ഗവർണർ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാരിനുള്ളതെന്ന് വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്ത് ലഹരി നിയന്ത്രണത്തിൽ വീഴ്ചയുണ്ടായതായും അതാണ് കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമായതെന്നും വിമർശിച്ചു.

കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങളും നയപ്രഖ്യാപനത്തിൽ ഉൾപ്പെട്ടു. ദ്വിഭാഷാ നയം തുടരുമെന്നും ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ശക്തമായ എതിർപ്പ് തുടരുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ടിവികെ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം തന്നെ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button