കൊലക്കേസ് പ്രതിയുടെ ചിത്രം ബുള്ളറ്റിനിൽ; പിഎസ്‌സി പിഴവ് സമ്മതിച്ച് തിരുത്തൽ നടപടികൾ സ്വീകരിച്ചു

തിരുവനന്തപുരം: ബുള്ളറ്റിനിൽ കൊലക്കേസ് പ്രതിയുടെ ചിത്രം നൽകിയതിൽ തെറ്റ് സമ്മതിച്ച് പിഎസ്‌സി. ഷുഹൈബ് വധക്കേസ് പ്രതിയും മുൻ സിപിഎം പ്രവർത്തകനുമായ ആകാശ് തില്ലങ്കേരിയുടെ ചിത്രമാണ് ബുള്ളറ്റിനിൽ തെറ്റായി പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ മേയ് 15ന് പിഎസ്‌സി പ്രസിദ്ധീകരിച്ച ബുള്ളറ്റിനിന്റെ അവസാന പേജിലെ സമകാലികം കുറിപ്പിലാണ് ഗുരുതര പിഴവുണ്ടായത്.
49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങളെക്കുറിച്ചുള്ള വിവരണത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയ രാജേഷ് തില്ലങ്കേരിക്കുപകരം ആകാശ് തില്ലങ്കേരിയുടെ ചിത്രം പിഎസ്‌സി നൽകുകയായിരുന്നു. ഉണ്ണി കെ ആർ സംവിധാനം ചെയ്ത് ‘എ പ്രഗ്നന്റ് വിഡോ’എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയതിനായിരുന്നു രാജേഷിന് പുരസ്‌കാരം ലഭിച്ചത്.
അതേസമയം, പിഴവ് സമ്മതിച്ച പിഎസ്‌സി എങ്ങനെയാണ് പിഴവ് സംഭവിച്ചത് എന്നതിൽ കൃത്യമായ വ്യക്തത വരുത്തിയില്ല.മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 പേരുടെ ജാമ്യം തലശേരി അഡിഷണൽ സെഷൻസ് കോടതി റദ്ദാക്കിയിരുന്നു. ഇവരെ റിമാൻഡ് ചെയ്യാനും ഉത്തരവിട്ടു. എട്ടുവർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ കഴിഞ്ഞമാസം 18 മുതലാണ് കേസിൽ വിചാരണ തുടങ്ങിയത്. 2018 ഫെബ്രുവരി 12ന് തട്ടുകടയിൽ ചായ കുടിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമി സംഘം ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്.



