ഹോട്ടലിൽ വിളിച്ചുവരുത്തി പീഡനം; ഭീഷണിപ്പെടുത്തി മതപരിവർത്തനത്തിനും നിർബന്ധിച്ചെന്ന് പരാതി

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയും ചെയ്തെന്ന പരാതിയിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയായ 24-കാരി നൽകിയ പരാതിയിലാണ് നടപടി.

2025 ഫെബ്രുവരി 8-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. വസ്തു ഇടപാടുമായി ബന്ധപ്പെട്ട് സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് പ്രതി യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയും, പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് ആരോപണം. തുടർന്ന് സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായും യുവതി പരാതിയിൽ വ്യക്തമാക്കുന്നു.

ഇതോടൊപ്പം, ഭീഷണിയുടെ അടിസ്ഥാനത്തിൽ യുവതിയെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയയാക്കിയതായും നാഗ്പൂരിലെ കൽമേശ്വർ പ്രദേശത്തേക്ക് കൊണ്ടുപോയി ചില മതപരമായ ചടങ്ങുകൾ നടത്തിച്ചതായും പരാതിയിൽ പറയുന്നു. അവധിക്ക് നാട്ടിലെത്തിയ ഭർത്താവിനോട് യുവതി വിവരങ്ങൾ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഇവരിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നാമത്തെ പ്രതി മധ്യപ്രദേശിലെ ഛിന്ദ്‌വാരയിൽ ഒളിവിലാണെന്നാണ് വിവരം. ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും അവ വിശദമായി പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളുടെ ആധികാരികത പരിശോധിക്കാനും അവ വീണ്ടെടുക്കാനുമുള്ള നടപടികളും പുരോഗമിക്കുകയാണ്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button