നീറ്റ് പുനഃപരീക്ഷയ്ക്കിടെ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം

ദില്ലി: നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ കർശന നടപടിയുമായി കേന്ദ്ര സർക്കാർ. ചോദ്യപേപ്പർ ചോർച്ചയും തട്ടിപ്പുകളും തടയുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ട്.
ജൂൺ 22 വരെ ടെലഗ്രാം ആക്സസ് പരിമിതപ്പെടുത്തിയിരിക്കുകയാണ്. കൂടാതെ മെസേജ് എഡിറ്റ് ഫീച്ചർ ജൂൺ 30 വരെ ഇന്ത്യയിൽ പ്രവർത്തനരഹിതമാക്കിയതായും അറിയുന്നു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തിട്ടുണ്ട്.
നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ വിൽപ്പനയ്ക്ക് എന്ന പേരിൽ വ്യാപകമായ വ്യാജപ്രചാരണം നടന്നതിനെ തുടർന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും പരാതികളുമായി രംഗത്തെത്തി. സോഷ്യൽ മീഡിയയിലും ടെലഗ്രാം ഗ്രൂപ്പുകളിലും പ്രചരിച്ച സന്ദേശങ്ങൾ വ്യാജമാണെന്ന് കേന്ദ്ര സർക്കാരിന്റെ പിഐബി ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം വ്യാജപ്രചാരണങ്ങൾ വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പരീക്ഷയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ ദേശീയ പരീക്ഷ ഏജൻസി (NTA)യുടെ വെബ്സൈറ്റിൽ മാത്രം പരിശോധിക്കണമെന്ന് നിർദ്ദേശം നൽകി.
പരീക്ഷയുടെ സുതാര്യതയും സുരക്ഷയും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിൽ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്.



