കൊളംബോ സിഡ്നി വിമാനം ഇടിമിന്നലേറ്റ്; അടിയന്തര തിരിച്ചിറക്കൽ, യാത്രക്കാർ സുരക്ഷിതർ

കൊളംബോ: കൊളംബോയിൽ നിന്ന് സിഡ്നിയിലേക്ക് പുറപ്പെട്ട ശ്രീലങ്കൻ എയർലൈൻസ് വിമാനം ഇടിമിന്നലേറ്റതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിനുള്ളിൽ വലിയ സ്‌ഫോടന ശബ്ദം കേട്ടതായും, എഞ്ചിനുകളിൽ ഒന്നിൽ നിന്ന് താൽക്കാലികമായി തീജ്വാലകൾ ഉയർന്നതായും റിപ്പോർട്ടുകൾ പറയുന്നു.
സംഭവസമയത്ത് വിമാനത്തിൽ 207 യാത്രക്കാരും 16 ജീവനക്കാരുമായിരുന്നു. പറന്നുയർന്ന ഉടൻ തന്നെ ഉണ്ടായ അസാധാരണ സാഹചര്യത്തെ തുടർന്ന് പൈലറ്റുമാർ ജാഗ്രത പുലർത്തി വിമാനം കൊളംബോയിലേക്ക് തിരിച്ചുവിട്ടു. സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു.
വിമാനം വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴും എഞ്ചിൻ ഭാഗത്ത് തീപ്പൊരികൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പിന്നീട് സാങ്കേതിക പരിശോധനകൾ ആരംഭിച്ചു.
ഇടിമിന്നലിനെ തുടർന്ന് എഞ്ചിനിൽ ചെറിയ കേടുപാടുകൾ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. മുൻകരുതൽ നടപടിയായാണ് സിഡ്നിയിലേക്കുള്ള യാത്ര റദ്ദാക്കി കൊളംബോയിലേക്ക് തിരികെ മടങ്ങിയത്. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.



