ബന്ധുനിയമന വിവാദത്തിന് പിന്നാലെ മാറ്റം; ചന്ദ്രൻ തില്ലങ്കേരി വൈദ്യുതി മന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയാകും

കണ്ണൂർ: ബന്ധുനിയമന വിവാദത്തെ തുടർന്ന് മന്ത്രി ഓഫീസിൽ മാറ്റവുമായി സർക്കാർ. കെപിസിസി ജനറൽ സെക്രട്ടറിയും മട്ടന്നൂർ നിയോജക മണ്ഡലത്തിലെ മുൻ യുഡിഎഫ് സ്ഥാനാർഥിയുമായ ചന്ദ്രൻ തില്ലങ്കേരിയെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാൻ തീരുമാനമായി.

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരിയുടെ ഭർത്താവായ ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിനെതിരെ ഉയർന്ന പ്രതിഷേധമാണ് പുതിയ നിയമനത്തിന് വഴിവെച്ചത്. ബന്ധുനിയമന വിവാദം ശക്തമായതോടെ ബെന്നി തോമസ് രാജിവെക്കുകയും, ഒഴിവുവന്ന സ്ഥാനത്തേക്കാണ് ചന്ദ്രൻ തില്ലങ്കേരിയെ പരിഗണിച്ചത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ചന്ദ്രൻ തില്ലങ്കേരി, എൽഡിഎഫ് സ്ഥാനാർഥിയും നിലവിലെ എംഎൽഎയുമായ വി.കെ. സനോജിനോട് 14,168 വോട്ടിന്റെ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്.

എൽഡിഎഫ് ഭരണകാലത്ത് ബന്ധുനിയമനങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന യുഡിഎഫ്, അധികാരത്തിലെത്തിയതിന് പിന്നാലെ സമാന ആരോപണങ്ങൾ നേരിടേണ്ടി വന്നത് രാഷ്ട്രീയമായി പ്രതിരോധത്തിലാക്കി. വിവാദം കൂടുതൽ ശക്തമായ സാഹചര്യത്തിലാണ് മന്ത്രി ഓഫീസിൽ മാറ്റം വരുത്താനുള്ള തീരുമാനം ഉണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button