സജ്‌നയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് ഖാൻ; ‘കള്ളക്കഥകൾ ചമച്ച് എന്നെയും കുടുംബത്തെയും തകർക്കാൻ ശ്രമം’

കൊച്ചി: മിനിസ്ക്രീൻ താരങ്ങളായ ഫിറോസ് ഖാനും സജ്‌ന നൂറും തമ്മിലുള്ള വ്യക്തിപരമായ തർക്കങ്ങൾ കൂടുതൽ വിവാദങ്ങളിലേക്ക്. തന്നെയും തന്റെ കുടുംബത്തെയും തകർക്കാൻ ലക്ഷ്യമിട്ട് സജ്‌ന വ്യാജ ആരോപണങ്ങളും കള്ളക്കഥകളും പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് ഫിറോസ് ഖാൻ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ദൈർഘ്യമേറിയ വീഡിയോയിലൂടെയാണ് ഫിറോസ് തന്റെ നിലപാട് വ്യക്തമാക്കിയത്.

താൻ പറയുന്ന ഓരോ കാര്യത്തിനും വ്യക്തമായ തെളിവുകളുണ്ടെന്നും, വിവാദങ്ങൾക്ക് പിന്നിൽ ഒരു പ്രമുഖ വ്യക്തിയുടെയും സജ്‌നയുടെയും പങ്കുണ്ടെന്നും ഫിറോസ് ആരോപിച്ചു. ഇതിന്റെ ഭാഗമായെന്ന് അവകാശപ്പെട്ട് ചില ഫോൺ സംഭാഷണങ്ങളുടെ ഓഡിയോയും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.

കഴിഞ്ഞ പത്ത് വർഷത്തെ വ്യക്തിജീവിതത്തിലെ അനുഭവങ്ങളാണ് ഇപ്പോൾ തുറന്നുപറയേണ്ടി വരുന്നതെന്നും, ഒരിക്കലും സ്വകാര്യ കാര്യങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്നും ഫിറോസ് വീഡിയോയിൽ പറയുന്നു. എന്നാൽ തനിക്കെതിരായ ആരോപണങ്ങളും സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണങ്ങളും കാരണം പ്രതികരിക്കേണ്ട സാഹചര്യമുണ്ടായെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

സജ്‌ന പലപ്പോഴും വ്യാജ കഥകൾ പ്രചരിപ്പിച്ചുവെന്നും, ചില സാമൂഹ്യമാധ്യമ പോസ്റ്റുകളും പിന്നീട് അവ നീക്കം ചെയ്ത സംഭവങ്ങളും വിവാദങ്ങളുടെ ഭാഗമാണെന്നും ഫിറോസ് ആരോപിച്ചു. തന്റെ പേരിൽ ആത്മഹത്യാക്കുറിപ്പ് എഴുതി വയ്ക്കുമെന്നോ അല്ലെങ്കിൽ ഗുരുതര കേസുകളിൽ കുടുക്കുമെന്നോ പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം വീഡിയോയിൽ പരാമർശിക്കുന്നു.

സ്വന്തം വ്യക്തിജീവിതത്തെയും മുൻവിവാഹ ബന്ധങ്ങളെയും കുറിച്ചും വീഡിയോയിൽ ഫിറോസ് വിശദീകരിക്കുന്നുണ്ട്. ചില ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിനായാണ് താൻ ഇത്രയും സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഫിറോസ് ഖാന്റെ ആരോപണങ്ങളോട് സജ്‌ന നൂർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇരുവരുടെയും പരസ്യ ആരോപണ-പ്രതിയാരോപണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button