ചികിത്സയിലിരുന്ന രോഗിയെ കാണാതായി; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച

സംസ്ഥാനത്തെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ തിരുവനന്തപുരം മെഡിക്കൽ കോളേജ് വീണ്ടും വിവാദത്തിൽ. കടുത്ത സുരക്ഷയും കർശന പരിശോധനകളും ഉണ്ടെന്ന് അവകാശപ്പെടുന്ന വാർഡുകളിൽ നിന്ന് രോഗി അപ്രത്യക്ഷനായ സംഭവം ആശുപത്രി അധികൃതരുടെ ഗുരുതരമായ വീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഒന്നാം വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കൊല്ലം ഇടമൺ പുലരി, അനൂർ പുത്തൻ വീട്ടിൽ കുഞ്ഞുകൃഷ്ണൻ (60) എന്നയാളെയാണ് രണ്ട് ദിവസം മുൻപ് ഉച്ചകഴിഞ്ഞ് മൂന്നരയോടെ കാണാതായത്. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി ആശുപത്രിയുടെ സുരക്ഷാ വലയം ഭേദിച്ച് എങ്ങനെ പുറത്തുകടന്നു എന്നത് വലിയൊരു ചോദ്യചിഹ്നമായി തുടരുകയാണ്.
മകൻ സുനിൽ കൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും, രണ്ട് ദിവസമായിട്ടും കുഞ്ഞുകൃഷ്ണനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. കേരള പോലീസ് ആക്ട് 57-ാം വകുപ്പ് പ്രകാരം 0950/2026 നമ്പറിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഗ്രേഡ് എസ്ഐ അനിൽകുമാർ എസിന്റെ നേതൃത്വത്തിൽ ഊർജ്ജിതമായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും രോഗിയുടെ തിരോധാനം കുടുംബത്തെ വലിയ മാനസിക സംഘർഷത്തിലാക്കിയിരിക്കുകയാണ്.
മെഡിക്കൽ കോളേജിന്റെ തിരക്കേറിയ വാർഡിൽ നിന്ന് രോഗി എങ്ങോട്ട് പോയി എന്നതിനെക്കുറിച്ച് ആശുപത്രി അധികൃതർക്കും വ്യക്തമായ ഉത്തരമില്ല. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിച്ചുള്ള അന്വേഷണം പുരോഗമിക്കുമ്പോൾ, രോഗിയുടെ സുരക്ഷയിൽ ആശുപത്രി അധികൃതർ പുലർത്തിയ അനാസ്ഥ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.



