സുഗതൻ വിഷയത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് എ.എ. റഹീം; ‘ഗുണ്ടാ സംഘങ്ങൾക്ക് പരസ്യ പിന്തുണ’

തിരുവനന്തപുരം: ഗുണ്ടാ സംഘങ്ങൾക്ക് ബിജെപി പരസ്യമായി പിന്തുണ നൽകുകയാണെന്ന് ആരോപിച്ച് സിപിഎം നേതാവും രാജ്യസഭാംഗവുമായ എ.എ. റഹീം രംഗത്ത്. തിരുവനന്തപുരം നഗരത്തെ മാഫിയവൽക്കരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ബിജെപി നടത്തുന്നതെന്നും, കാപ്പാ കേസ് പ്രതിയായ ആർ. സുഗതന് വേണ്ടി പാർട്ടിയുടെ പ്രമുഖ നേതാക്കൾ രംഗത്തിറങ്ങുന്നത് അതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

സുഗതനെതിരെ 11 ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും അവ രാഷ്ട്രീയ സമരങ്ങളുടെ പേരിലുള്ള കേസുകളല്ലെന്നും എ.എ. റഹീം പറഞ്ഞു. “രാഷ്ട്രീയ കേസുകളുടെ പേരിൽ കാപ്പ ചുമത്താറില്ല. ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആളായതിനാലാണ് സുഗതനെതിരെ കാപ്പാ നിയമം പ്രയോഗിച്ചത്,” അദ്ദേഹം വ്യക്തമാക്കി.

ഇതോടൊപ്പം കോൺഗ്രസ് നേതാവ് കെ. മുരളീധരനെതിരെയും എ.എ. റഹീം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. വട്ടിയൂർക്കാവ് മണ്ഡലത്തിൽ കെ. മുരളീധരന്റെ വിജയത്തിനായി സുഗതൻ പ്രവർത്തിച്ചിരുന്നുവെന്നും അതിന്റെ നന്ദിസൂചകമായാണ് സുഗതന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പൊലീസ് നടപടിയെ മുരളീധരൻ എതിർക്കുന്നതെന്നുമാണ് റഹീമിന്റെ ആരോപണം.

സുഗതന്റെ അറസ്റ്റ് സംബന്ധിച്ച് പ്രതികരിക്കവെ, പൊലീസ് അനാവശ്യമായ സംഘർഷാവസ്ഥ സൃഷ്ടിച്ചുവെന്നും വെടിവെപ്പ് നടത്തേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നുമായിരുന്നു കെ. മുരളീധരന്റെ പ്രതികരണം. ഈ പരാമർശം സത്യപ്രതിജ്ഞാ ലംഘനത്തിന് തുല്യമാണെന്ന് എ.എ. റഹീം കുറ്റപ്പെടുത്തി.

സുഗതന്റെ അറസ്റ്റ്, കാപ്പാ നടപടി, അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണ-പ്രതിയോഗങ്ങൾ എന്നിവയെ തുടർന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button