കൊല്ലത്ത് ഷിഗെല്ല സ്ഥിരീകരിച്ചു; രണ്ട് വിദ്യാർഥികൾക്ക് രോഗബാധ, ജാഗ്രത നിർദേശം നൽകി ആരോഗ്യവിദഗ്ധർ

കൊല്ലം: സംസ്ഥാനത്ത് വീണ്ടും ആരോഗ്യ ആശങ്ക ഉയർത്തി കൊല്ലം ജില്ലയിൽ ഷിഗെല്ല ബാക്ടീരിയ അണുബാധ (ഷിഗെല്ലോസിസ്) സ്ഥിരീകരിച്ചു. രണ്ട് വിദ്യാർഥികൾക്കാണ് നിലവിൽ രോഗബാധ കണ്ടെത്തിയിരിക്കുന്നത്. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും അതിവേഗം പകരുന്ന രോഗമായതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.
പ്രധാനമായും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഷിഗെല്ല രോഗം കൂടുതൽ ഗുരുതരമായി ബാധിക്കുന്നത്. രക്തമോ കഫമോ കലർന്ന വയറിളക്കം, കടുത്ത വയറുവേദന, പനി, ഛർദ്ദി, മലബന്ധം, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തുന്നതിലൂടെയും അവർ ഉപയോഗിച്ച വസ്തുക്കളിൽ സ്പർശിക്കുന്നതിലൂടെയും രോഗാണുക്കൾ മറ്റുള്ളവരിലേക്ക് എളുപ്പത്തിൽ പകരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
രോഗവ്യാപനം തടയാൻ വ്യക്തിശുചിത്വം കർശനമായി പാലിക്കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു. ഭക്ഷണം തയ്യാറാക്കുന്നതിനും കഴിക്കുന്നതിനും മുമ്പും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകണം. ചെറിയ കുട്ടികൾ ബാത്ത്റൂം ഉപയോഗിച്ച ശേഷം കൈകൾ വൃത്തിയാക്കുന്നുണ്ടെന്ന് മാതാപിതാക്കളും അധ്യാപകരും ഉറപ്പാക്കണം. കുഞ്ഞുങ്ങളുടെ ഡയപ്പർ മാറ്റിയ ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകേണ്ടത് നിർബന്ധമാണെന്നും ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
വയറിളക്കമോ മറ്റ് രോഗലക്ഷണങ്ങളോ പ്രകടിപ്പിക്കുന്ന കുട്ടികളെ സ്കൂളുകളിലോ ഡേ കെയർ കേന്ദ്രങ്ങളിലോ അയയ്ക്കരുതെന്നും അധികൃതർ നിർദേശിച്ചു. പൊതു ജലാശയങ്ങളിൽ നിന്നുള്ള വെള്ളം കുടിക്കുന്നത് ഒഴിവാക്കി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.
കുട്ടികളിൽ ഷിഗെല്ലയുടെ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ വൈകിക്കരുതെന്നും, നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളവും ഒ.ആർ.എസ് ലായനിയും നൽകണമെന്നും ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. രോഗവ്യാപനം തടയാൻ പൊതുജനങ്ങളുടെ ജാഗ്രതയും ശുചിത്വ പാലനവുമാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗമെന്നും അധികൃതർ വ്യക്തമാക്കി.



