കാപ്പാ കേസ്: ബിജെപി കൗൺസിലർ ആർ. സുഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി; രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം

തിരുവനന്തപുരം: കാപ്പാ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതനെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാപ്പാ കേസിലെ പ്രതികളെ പാർപ്പിക്കുന്ന പ്രത്യേക ബ്ലോക്ക് വിയ്യൂർ ജയിലിലായതിനാലാണ് സ്ഥലംമാറ്റം.

സുഗതന്റെ അറസ്റ്റിനെ തുടർന്ന് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം കോർപ്പറേഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. ബിജെപി കൗൺസിലറെ അയോഗ്യനാക്കണമെന്നും വിഷയത്തിൽ അടിയന്തര കൗൺസിൽ യോഗം വിളിക്കണമെന്നും കോൺഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. സുഗതനെതിരായ കേസ് രാഷ്ട്രീയപരമായി ശക്തമായി ഉയർത്തിക്കാട്ടാനാണ് സിപിഎമ്മും കോൺഗ്രസും നീക്കമെന്ന വിലയിരുത്തലുണ്ട്.

ആകാശത്തേക്ക് വരെ വെടിവെച്ചുള്ള നാടകീയമായ പൊലീസ് നടപടിയോടെയായിരുന്നു ആർ. സുഗതന്റെ അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ വലിയ രാഷ്ട്രീയ വിവാദവും ഉയർന്നിരുന്നു. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാൻ സിപിഎം തുടർസമരങ്ങൾക്കും ആഹ്വാനം ചെയ്തിട്ടുണ്ട്. 13-നും 15-നും വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നേതൃത്വം അറിയിച്ചു.

അതേസമയം, വധശ്രമക്കേസിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ ചേർന്ന രണ്ട് കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തിരുന്നില്ല. ചട്ടപ്രകാരം, അവധി അപേക്ഷ നൽകാതെ മൂന്ന് കൗൺസിൽ യോഗങ്ങളിൽ തുടർച്ചയായി വിട്ടുനിൽക്കുകയാണെങ്കിൽ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ സാധ്യതയുണ്ട്.

എന്നാൽ, സുഗതൻ രണ്ട് തവണ മേയർക്കു അവധി അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് ബിജെപിയുടെ വിശദീകരണം. വിഷയത്തിൽ ചർച്ച ചെയ്യുന്നതിനായി അടിയന്തരമായി കൗൺസിൽ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം മേയർക്ക് കത്തും നൽകിയിട്ടുണ്ട്.

ആർ. സുഗതനെതിരായ നടപടി രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കെ, കൗൺസിലർ സ്ഥാനവുമായി ബന്ധപ്പെട്ട തുടർനടപടികളിലേക്കാണ് ഇനി രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button