ജയിലിൽ കഴിയുന്ന കൗൺസിലർക്ക് തിരിച്ചടി; അവധി അപേക്ഷ തള്ളി, അംഗത്വം റദ്ദാക്കൽ നടപടിയിലേക്ക്

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് വാർഡ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ കൗൺസിലർ സ്ഥാനം അയോഗ്യമാകുമെന്നത് ഉറപ്പായി. കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷ നഗരസഭ തള്ളിയതോടെയാണ് നടപടികൾ വേഗത്തിലായത്.
തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ കൗൺസിലർ അയോഗ്യനാകുമെന്ന നിയമപ്രകാരം, പ്രശോഭിന്റെ അസാന്നിധ്യം സംബന്ധിച്ച റിപ്പോർട്ട് നഗരസഭ സെക്രട്ടറി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. കമ്മീഷന്റെ അന്തിമ തീരുമാനത്തോടെയാകും അംഗത്വം റദ്ദാക്കുക. പ്രശോഭ് അയോഗ്യനായാൽ പാലക്കാട് നഗരസഭയിൽ യുഡിഎഫിന്റെ കൗൺസിലർമാരുടെ എണ്ണം 17 ആയി കുറയും.
മാർച്ച് 27-നാണ് പ്രശോഭിനെതിരെ പരാതി ഉയർന്നത്. ജോലി വാഗ്ദാനം ചെയ്ത് സൗഹൃദം സ്ഥാപിച്ച ശേഷം യുവതിയുടെ താമസസ്ഥലത്തെത്തി പീഡിപ്പിച്ചെന്നും, ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് ടൗൺ പൊലീസ് കേസെടുത്തിരുന്നു.
മുൻകൂർ ജാമ്യം ലഭിക്കാതിരുന്നതിനെ തുടർന്ന് ഒളിവിലായിരുന്ന പ്രശോഭ് മെയ് 27-ന് പൊലീസിന് മുന്നിൽ കീഴടങ്ങി. കേസിന് പിന്നാലെ കോൺഗ്രസ് അദ്ദേഹത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ഇപ്പോൾ കൗൺസിലർ സ്ഥാനവും നഷ്ടമാകുന്ന സാഹചര്യമാണുള്ളത്.



