സൗഹൃദം നടിച്ച് വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനിൽ നിന്ന് 20 ലക്ഷം തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

പാലക്കാട്: സൗഹൃദം സ്ഥാപിച്ച് വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ 46-കാരിയായ യുവതി അറസ്റ്റിൽ. വടക്കഞ്ചേരി സ്വദേശിനിയായ പ്രിൻസിയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.

2006-ൽ ഒറ്റപ്പാലം ലാൻഡ് ട്രിബ്യൂണലിൽ ജോലി ചെയ്തിരുന്ന കാലത്താണ് ലക്കിടി സ്വദേശിയായ വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനുമായി യുവതി പരിചയത്തിലാകുന്നത്. പിന്നീട് ഈ സൗഹൃദം മുതലെടുത്ത് ആദ്യം പണവും മൊബൈൽ ഫോണും കൈക്കലാക്കിയെന്നാണ് പരാതി.

തുടർന്ന് ഇവരുമായുള്ള ബന്ധത്തെക്കുറിച്ച് കുടുംബാംഗങ്ങളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പണം ആവശ്യപ്പെടാൻ തുടങ്ങിയതായി പൊലീസ് പറയുന്നു. വർഷങ്ങളായി തുടരുന്ന ഈ ഭീഷണിപ്പെടുത്തലിലൂടെ ഏകദേശം 20 ലക്ഷം രൂപയാണ് യുവതി തട്ടിയെടുത്തതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ഗത്യന്തരമില്ലാതെ ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും മറ്റ് തട്ടിപ്പുകൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുമായി പ്രതിയെ ഉടൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മറ്റ് സർക്കാർ ഉദ്യോഗസ്ഥരും സമാന രീതിയിലുള്ള തട്ടിപ്പിന് ഇരയായിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.

ആദ്യം സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയ ശേഷം പിന്നീട് വ്യക്തിപരമായ വിവരങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പ്രതിയുടെ പതിവ് രീതിയെന്നാണ് പൊലീസ് വിലയിരുത്തൽ. കുടുംബപ്രശ്നങ്ങളും സാമൂഹിക മാനഹാനിയും ഭയന്ന് പലരും പരാതി നൽകാൻ മടിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

സമാന രീതിയിൽ കൂടുതൽ പേരിൽ നിന്ന് പണം തട്ടിയെടുത്തിട്ടുണ്ടോയെന്ന കാര്യം പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button