വയനാട്ടിൽ ഷിഗെല്ല ജാഗ്രത; പ്രതിരോധ നടപടികൾ ശക്തമാക്കി; മന്ത്രി ടി. സിദ്ദിഖ്

കൽപ്പറ്റ: വയനാട്ടിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. നിലവിലെ സാഹചര്യം പൂർണ്ണമായി നിയന്ത്രണവിധേയമാണെന്നും അധികൃതർ വ്യക്തമാക്കി.

രോഗവ്യാപനം തടയുന്നതിനായി പഞ്ചായത്ത് തലങ്ങളിൽ അടിയന്തര അവലോകന യോഗങ്ങൾ ചേരുമെന്നും കിണറുകൾ കേന്ദ്രീകരിച്ച് വിപുലമായ ക്ലോറിനേഷൻ ഡ്രൈവ് നടത്തുമെന്നും മന്ത്രി അറിയിച്ചു. ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകൾക്കും നിർദേശം നൽകിയിട്ടുണ്ട്.

ജില്ലയിലെ 12 വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈ സ്കൂളുകളിൽ ആരോഗ്യസംഘങ്ങൾ നേരിട്ട് പരിശോധനകൾ നടത്തും. മാർ ബസേലിയോസ് എ.യു.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും നിലവിൽ നിരീക്ഷണത്തിലാണ്. സ്കൂളുകളിൽ പ്രത്യേക മെഡിക്കൽ സംഘത്തെ വിന്യസിക്കുമെന്നും അധികൃതർ അറിയിച്ചു.

കുടിവെള്ള സാമ്പിളുകൾ വീണ്ടും ലാബ് പരിശോധനയ്ക്ക് അയക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ചില കുട്ടികളിൽ വീണ്ടും രോഗലക്ഷണങ്ങൾ കണ്ടുവരുന്നത് ഗൗരവമായി കണ്ട് കൂടുതൽ സമഗ്രമായ പരിശോധനകൾ നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.

ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചതനുസരിച്ച് നിലവിൽ 2 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ 443 പേർ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ 14 പേർക്ക് പുതുതായി ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

നിലവിൽ 68 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 26 പേർ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും 42 പേർ സ്വകാര്യ ആശുപത്രികളിലുമാണ്. ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 163 പേർ നിരീക്ഷണത്തിലാണ്.

മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല പകരുന്നതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. പനി, വയറുവേദന, ഛർദ്ദി, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഉടൻ തന്നെ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും അധികൃതർ നിർദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button