ഓഫീസിൽ അതിക്രൂര ആക്രമണം; മുൻകാമുകിയെ കുത്തിക്കൊന്ന് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

മൊഹാലി: പഞ്ചാബിലെ മൊഹാലിയിൽ സ്വകാര്യ കമ്പനിയുടെ ഓഫീസിൽ ജോലി ചെയ്തുകൊണ്ടിരുന്ന യുവതിയെ മുൻകാമുകൻ സഹപ്രവർത്തകർ നോക്കി നിൽക്കെ കുത്തിക്കൊലപ്പെടുത്തി. ജൂൺ 4-ന് വൈകിട്ടാണ് ദാരുണ സംഭവം നടന്നത്. 29-കാരിയായ ഡിംപിൾ ആണ് കൊല്ലപ്പെട്ടത്.

പ്രതിയായ ഹർവീന്ദർ മാൻ, ഓഫീസിലുണ്ടായിരുന്ന ഡിംപിളിനെ തുടർച്ചയായി കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആക്രമണം തടയാൻ ശ്രമിച്ച സഹപ്രവർത്തകരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇയാൾ ആക്രമണം നടത്തിയത്.

സംഭവത്തിന് പിന്നാലെ ഹർവീന്ദർ സ്വയം ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സഹപ്രവർത്തകർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡിംപിളിന്റെ ജീവൻ രക്ഷിക്കാനായില്ല. ഹർവീന്ദർ നിലവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

പട്യാല സ്വദേശികളായ ഇരുവരും മൊഹാലിയിലെ അതേ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. ഓഫീസിലെ ഷിഫ്റ്റ് മാറുന്ന സമയത്തായിരുന്നു ആക്രമണം നടന്നത്. അതിനാൽ സംഭവസമയത്ത് ഓഫീസിൽ കുറച്ച് ജീവനക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ഓഫീസിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button