പെൻഷൻ പ്രായം ഉയർത്തരുതെന്ന് മന്ത്രി ഒ.ജെ. ജനീഷ്; ധവളപത്ര നിർദേശത്തിനെതിരെ നിലപാട്

തൃശൂർ: നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിലെ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്ന നിർദേശത്തിനെതിരെ യുവജന ക്ഷേമ മന്ത്രി ഒ.ജെ. ജനീഷ് രംഗത്തെത്തി. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നുണ്ടെങ്കിലും ജീവനക്കാരുടെ വിരമിക്കൽ പ്രായം വർധിപ്പിക്കരുതെന്നാണ് തന്റെ വ്യക്തമായ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി.

പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കത്തിനെതിരെ യുവജനങ്ങൾ ശക്തമായ പ്രതിഷേധത്തിലാണ് എന്നും, വിരമിക്കൽ പ്രായം വർധിപ്പിക്കരുത് എന്നതാണ് യൂത്ത് കോൺഗ്രസിന്റെ നിലപാടെന്നും അതിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം പെൻഷൻ പ്രായം ഉയർത്തിയ സർക്കാർ തന്നെയാണ് ഇപ്പോൾ വീണ്ടും ഇത്തരമൊരു നിർദേശം മുന്നോട്ടുവയ്ക്കുന്നതെന്നും മന്ത്രി വിമർശിച്ചു.

അതേസമയം, പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഭരണനിർവഹണം വനം വകുപ്പിൽ നിന്ന് സൂ വകുപ്പ് നിയന്ത്രണത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വിശദീകരിക്കുന്ന ധവളപത്രത്തിൽ സ്വകാര്യ നിക്ഷേപം വർധിപ്പിക്കൽ, സഹകരണ മേഖലയിലെ പങ്കാളിത്തം ശക്തിപ്പെടുത്തൽ, ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തൽ തുടങ്ങിയ നിർദേശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. റവന്യൂ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള നിർബന്ധിത ചെലവുകൾക്കായി വിനിയോഗിക്കപ്പെടുന്ന സാഹചര്യത്തിൽ ചെലവ് ചുരുക്കൽ മാത്രം കൊണ്ട് സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകില്ലെന്നും രേഖ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായത്തിന് സമാനമായി സംസ്ഥാന ജീവനക്കാരുടെയും പ്രായപരിധി ഉയർത്തണമെന്നും നിലവിൽ അഞ്ച് വർഷത്തിലൊരിക്കൽ നടപ്പാക്കുന്ന ശമ്പള കമ്മീഷൻ പത്ത് വർഷത്തിലൊരിക്കലാക്കണമെന്നും ധവളപത്രം ശുപാർശ ചെയ്യുന്നു. ഈ നിർദേശങ്ങളാണ് ഇപ്പോൾ രാഷ്ട്രീയ തലത്തിലും ജീവനക്കാരുടെ സംഘടനകൾക്കിടയിലും ചർച്ചയായിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button