വ്യാജ വാർത്തകൾ തള്ളി സുരേഷ് ഗോപി; ‘ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ’ എന്ന് പരിഹാസം

തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി നേതൃത്വത്തെ സമീപിച്ചെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പരിഹാസരൂപേണ പ്രതികരിച്ചത്.
“സുരേഷ് ഗോപി രാജിസന്നദ്ധത അറിയിച്ചു, നിങ്ങൾ അറിഞ്ഞിരുന്നോ? ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ. സത്യം അറിയാൻ ഒരൊറ്റ ക്ലിക്ക് മതി. അതുകൊണ്ട് ഇത്തരം സിനിമാ കഥകൾ വിശ്വസിച്ച് ആരും സമയം കളയരുത്. വ്യാജവാർത്തകൾ ചമയ്ക്കുന്നവരോട്… അത് ശരിയല്ല. ഇനിയെങ്കിലും മാറ്റണം,” എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
കേന്ദ്രമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ കണ്ടുവെന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചത്. മന്ത്രിയായതിന് ശേഷം സിനിമകളിൽ സജീവമാകാൻ കഴിയുന്നില്ലെന്നും വരുമാനം കുറഞ്ഞുവെന്നുമുള്ള കാരണങ്ങളാണ് റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
ഈ മാസം മന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെ സുരേഷ് ഗോപി രാജിസന്നദ്ധത അറിയിച്ചെന്നായിരുന്നു ചില മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ ഈ വാർത്തകളിൽ യാതൊരു സത്യവുമില്ലെന്ന സൂചനയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് നൽകുന്നത്.



