ഞാൻ ഗർഭിണിയല്ല’; വിവാദ ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ വിശദീകരണവുമായി സജ്ന നൂർ

കൊച്ചി: താൻ രണ്ടര മാസം ഗർഭിണിയാണെന്ന് സൂചിപ്പിക്കുന്ന തരത്തിൽ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സജ്ന നൂർ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അക്കൗണ്ട് വീണ്ടെടുത്തതിന് ശേഷമാണ് വിവാദ പോസ്റ്റുകൾ നീക്കം ചെയ്തതെന്നും സജ്ന വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.
പോസ്റ്റുമായി ബന്ധപ്പെട്ട വാർത്ത സുഹൃത്തുക്കൾ വഴിയാണ് അറിഞ്ഞതെന്ന് സജ്ന പറഞ്ഞു. അക്കൗണ്ട് തനിക്കും കൈകാര്യം ചെയ്യുന്ന വ്യക്തിക്കും തുറക്കാൻ സാധിച്ചിരുന്നില്ലെന്നും പിന്നീട് ഏറെ ശ്രമങ്ങൾക്കൊടുവിലാണ് അക്കൗണ്ട് തിരിച്ചുപിടിച്ചതെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് സജ്നയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ താൻ ഗർഭിണിയാണെന്ന തരത്തിലുള്ള ചിത്രങ്ങളും സന്ദേശങ്ങളും പ്രത്യക്ഷപ്പെട്ടത്. മണിക്കൂറുകൾക്കകം പോസ്റ്റ് നീക്കം ചെയ്തിരുന്നെങ്കിലും സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.
തന്നെ ലക്ഷ്യമിട്ട് വ്യാജ പ്രചാരണങ്ങളും അപകീർത്തികരമായ വീഡിയോകളും പ്രചരിപ്പിക്കുകയാണെന്ന് സജ്ന ആരോപിച്ചു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ നിയമനടപടി സ്വീകരിക്കുമെന്നും പരാതി നൽകുമെന്നും അവർ അറിയിച്ചു.
“എനിക്ക് കുട്ടിയുണ്ടായാലും വിവാഹം കഴിച്ചാലും അത് ഞാൻ തന്നെ ഔദ്യോഗികമായി അറിയിക്കും. അതുവരെ ഇത്തരം പ്രചാരണങ്ങൾ ആരും വിശ്വസിക്കരുത്,” എന്നാണ് സജ്ന വീഡിയോയിൽ പറയുന്നത്. സംഭവത്തിൽ ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.



