വി.ഡി. സതീശനെ അഭിനന്ദിച്ച ഫ്ലക്സ് തകർത്ത സംഭവം; സിപിഎം ചെലവിൽ പുതിയ ബോർഡ് സ്ഥാപിച്ചു

കൊച്ചി: മരട് കൊട്ടാരം ജങ്ഷനിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡ് തകർത്ത സംഭവത്തിൽ വിവാദം ശക്തമായതിനെ തുടർന്ന് സിപിഎമ്മിന്റെ ചെലവിൽ പുതിയ ഫ്ലക്സ് സ്ഥാപിച്ചു. ഇരുപക്ഷവും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പുതിയ ബോർഡ് സ്ഥാപിക്കാനുള്ള ധാരണയിലെത്തിയത്.

മേയ് 27-ന് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇഡി പരിശോധന നടത്തിയതിൽ പ്രതിഷേധിച്ച് നടന്ന സിപിഎം പ്രകടനത്തിനിടെയാണ് കോൺഗ്രസ് സ്ഥാപിച്ചിരുന്ന ഫ്ലക്സ് നശിപ്പിക്കപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തുകയും മരട് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും ശേഖരിച്ച വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 10 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്.

തുടർന്ന് നടന്ന അനൗപചാരിക ചർച്ചകളിൽ ധാരണയായതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഫ്ലക്സ് സ്ഥാപിച്ചതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിൻസൺ പീറ്റർ അറിയിച്ചു. സിപിഎം പ്രാദേശിക നേതാക്കൾ തന്നെ ഫ്ലക്സിന്റെ മുഴുവൻ ചെലവും വഹിക്കുകയും തൊഴിലാളികളെ ഉപയോഗിച്ച് ബോർഡ് വീണ്ടും സ്ഥാപിക്കുകയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

സംഭവം പ്രാദേശിക രാഷ്ട്രീയത്തിൽ ചർച്ചയായിരിക്കെ, ഫ്ലക്സ് പുനഃസ്ഥാപിച്ചതോടെ തർക്കം താൽക്കാലികമായി അവസാനിച്ചെന്നാണ് വിലയിരുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button