ജൂൺ മുതൽ പഴയ രീതിയിൽ റേഷൻ വിതരണം; രണ്ടുമാസത്തെ വിഹിതം ഒരുമിച്ച് നൽകുന്നത് അവസാനിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുമാസത്തെ റേഷൻ ഒരുമിച്ച് നൽകുന്ന സംവിധാനം സർക്കാർ അവസാനിപ്പിച്ചു. ജൂൺ മാസം മുതൽ മുൻകാലങ്ങളിലെ പോലെ ഒരുമാസത്തെ റേഷൻ വിഹിതം മാത്രമേ വിതരണം ചെയ്യൂവെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മൂന്നുമാസത്തെ റേഷൻ ഒരുമിച്ച് നൽകണമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിർദേശം. എന്നാൽ റേഷൻ കടകളുടെ സംഭരണശേഷി പരിമിതമാണെന്ന് ചൂണ്ടിക്കാട്ടി കേരളം അത് രണ്ടുമാസമാക്കി ക്രമീകരിച്ചിരുന്നു. ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻ ഒരുമിച്ച് വിതരണം ചെയ്തതോടെ പല താലൂക്കുകളിലും വിതരണത്തിൽ തടസവും കണക്കെടുപ്പിൽ ആശയക്കുഴപ്പവും ഉണ്ടായതായാണ് വിലയിരുത്തൽ.
ചില പ്രദേശങ്ങളിൽ രണ്ടുമാസത്തേക്കുള്ള അരി എത്തിക്കുന്നതിലും വീഴ്ചയുണ്ടായതിനെ തുടർന്ന് പഴയ രീതിയിലേക്ക് മടങ്ങാൻ ഭക്ഷ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു. ധാന്യശേഖരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുതിയ നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും കൂടുതൽ സംഭരണം നടത്താൻ എഫ്സിഐ ആവശ്യപ്പെട്ടിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
അതേസമയം, നീല കാർഡുകാർക്ക് നൽകിയിരുന്ന അധിക റേഷൻ വിഹിതവും അവസാനിപ്പിച്ചു. ഏപ്രിലിൽ രണ്ട് കിലോയും മേയിൽ മൂന്ന് കിലോയും അധികമായി നൽകിയിരുന്നെങ്കിലും ഇനി മുതൽ പതിവ് വിഹിതം മാത്രമേ ലഭിക്കൂ. നീല കാർഡുകാർക്ക് നാല് കിലോ അരിയും നിലവിലുള്ള രീതിയിൽ ആട്ടയും തുടർന്നും ലഭിക്കും.
സംസ്ഥാനത്ത് 43,000 കുടുംബങ്ങൾക്കുകൂടി മുൻഗണനാ റേഷൻ കാർഡ് ലഭിക്കുമെന്നും സർക്കാർ അറിയിച്ചു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അർഹരായവരെ ഉൾപ്പെടുത്തി അനർഹരെ ഒഴിവാക്കിയതോടെയാണ് കൂടുതൽ കുടുംബങ്ങൾ മുൻഗണനാ വിഭാഗത്തിലേക്ക് എത്തുന്നത്.
ഓണത്തോടനുബന്ധിച്ച് പ്രത്യേക ഭക്ഷ്യവിതരണ പദ്ധതികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ കിലോഗ്രാമിന് 10.90 രൂപ നിരക്കിൽ ഓണം സ്പെഷ്യൽ അരി വിതരണം ചെയ്യും. പിങ്ക് കാർഡുകാർക്ക് അധികമായി അഞ്ച് കിലോ അരിയും നീല കാർഡുകാർക്ക് 10 കിലോ അധിക അരിയും ലഭിക്കും. വെള്ള കാർഡുകാർക്ക് ആകെ 15 കിലോ അരി ലഭ്യമാക്കും.
മഞ്ഞ കാർഡുകാർക്ക് സൗജന്യ ഭക്ഷ്യക്കിറ്റും ഒരു കിലോ പഞ്ചസാരയും നൽകും. എല്ലാ റേഷൻ കാർഡുടമകൾക്കും മണ്ണെണ്ണ വിതരണം ചെയ്യുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.



