ഇഡി ആക്രമണക്കേസ്: കൂടുതൽ അറസ്റ്റിന് നീക്കം, കുറ്റപത്രം ഉടൻ സമർപ്പിക്കും

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കുറ്റപത്ര നടപടികൾ വേഗത്തിലാക്കാൻ പൊലീസ്. കേസിൽ നേരിട്ട് പങ്കെടുത്ത കൂടുതൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കുറ്റപത്രം എത്രയും വേഗം സമർപ്പിച്ച് പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് തടയുകയാണ് പൊലീസിന്റെ പ്രധാന ലക്ഷ്യം.

ഇതിനകം 25 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ ആദ്യ അഞ്ച് പ്രതികളായ നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹീൻ എന്നിവരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം ഗുരുതര സ്വഭാവമുള്ള കേസാണെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ വാദവും കോടതി പരിഗണിച്ചു. പ്രതികൾക്കെതിരെ വധശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമം (PDPP Act) ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം, വധശ്രമം ഉൾപ്പെടെയുള്ള ചില ഗുരുതര വകുപ്പുകൾ നിലനിൽക്കില്ലെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. എന്നാൽ ഈ ഘട്ടത്തിൽ പ്രതികളുടെ വാദം അംഗീകരിക്കാതെയാണ് കോടതി ജാമ്യാപേക്ഷകൾ തള്ളിയത്.

കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനൊപ്പം ആക്രമണത്തിൽ പങ്കെടുത്ത മറ്റ് പ്രതികളെ കണ്ടെത്താനുള്ള നടപടികളും പൊലീസ് ശക്തമാക്കിയിട്ടുണ്ട്. കുറ്റപത്രം ഉടൻ സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button