നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം കൊലപാതകം; അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരനായ അർഷിദിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തിൽ കുട്ടിയുടെ അമ്മ അഖിലയെയും അമ്മയുടെ പങ്കാളിയായ അഷ്‌കറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ സ്ഥിരമായി മർദിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായും മർദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും പൊലീസ് അറിയിച്ചു.

നെടുമങ്ങാട് കരിക്കുഴി സ്വദേശിനിയായ അഖിലയുടെ മകനായ അർഷിദ് ഇന്നലെയാണ് മരിച്ചത്. ഭക്ഷണം നൽകുന്നതിനിടെ ഛർദിക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാൽ ഇൻക്വസ്റ്റിലും പ്രാഥമിക അന്വേഷണത്തിലും കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ നിരവധി പാടുകൾ കണ്ടെത്തിയതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്.

കുട്ടിയുടെ ഇരുകൈകളിലും പ്ലാസ്റ്റർ ഇട്ടിരിക്കുന്ന ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതാണെന്നായിരുന്നു അഖിലയും അഷ്‌കറും വിശദീകരിച്ചിരുന്നത്. എന്നാൽ കുട്ടിയെ അഷ്‌കർ നിരന്തരം മർദിച്ചിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്ന് അഷ്‌കർ ആശുപത്രി അധികൃതരോടും പൊലീസിനോടും പറഞ്ഞിരുന്നു. എന്നാൽ പരിശോധനയിൽ മർദനത്തെ തുടർന്നുണ്ടായ ഗുരുതര പരിക്കുകളും ആന്തരിക രക്തസ്രാവവുമാണ് മരണത്തിന് കാരണമായതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

മാതാവ് അഖില സംഭവത്തിന് മുൻപ് തമിഴ്നാട്ടിൽ നൃത്തപരിപാടിക്കായി പോയിരുന്നതായും കുട്ടിക്ക് രണ്ട് ദിവസമായി പനി ഉണ്ടായിരുന്നതിനാൽ ചികിത്സ തേടിയിരുന്നുവെന്നുമാണ് വിവരം.

കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റ് ശാസ്ത്രീയ തെളിവുകളും ലഭിക്കുന്നതോടെ കൂടുതൽ വകുപ്പുകൾ ചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button