ആർത്തവാവധി പെൺകുട്ടികളെ കൂടുതൽ അബലകളാക്കും; സർക്കാർ തീരുമാനത്തിനെതിരെ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസം വരെ ആർത്തവാവധി അനുവദിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിനെതിരെ വിമർശനവുമായി ശാസ്തമംഗലം കൗൺസിലർ R Sreelekha. ആർത്തവാവധി പെൺകുട്ടികളെ ശക്തരാക്കുന്നതിനുപകരം കൂടുതൽ അബലകളാക്കുമെന്നാണ് അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടത്.

ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും, അതിനെ അടിസ്ഥാനമാക്കി സ്ഥിരമായി അവധി നൽകുന്നത് ശരിയായ സമീപനമല്ലെന്നും ശ്രീലേഖ പറഞ്ഞു. തനിക്ക് വിദ്യാർത്ഥിനിയായിരുന്ന കാലത്തും പിന്നീട് ഐപിഎസ് പരിശീലന സമയത്തും കടുത്ത ആർത്തവ വേദന അനുഭവപ്പെട്ടിരുന്നെങ്കിലും അതിന്റെ പേരിൽ പഠനമോ പരിശീലനമോ ഒഴിവാക്കിയിട്ടില്ലെന്നും അവർ കുറിച്ചു.

പ്രതിമാസം അവധി എടുക്കേണ്ട സാഹചര്യം വന്നാൽ ഒരു വിദ്യാർത്ഥിനിക്ക് ആർത്തവം നടക്കുന്ന സമയം മറ്റുള്ളവർക്ക് അറിയാനുള്ള സാഹചര്യം ഉണ്ടാകുമെന്നും, ഇത് “മെൻസ്ട്രുവൽ ഡിഗ്നിറ്റി”ക്ക് വിരുദ്ധമാണെന്നും ശ്രീലേഖ വിമർശിച്ചു.

പകരം എല്ലാ സ്കൂളുകളിലും കോളേജുകളിലും പെൺകുട്ടികൾക്കായി വൃത്തിയുള്ള ശൗചാലയങ്ങൾ, സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ, ആവശ്യമായ ആരോഗ്യസൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുകയാണ് വേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു. അത്യാവശ്യ ഘട്ടങ്ങളിൽ വേദനസംഹാരികൾ ലഭ്യമാക്കുന്നതും കൂടുതൽ പ്രായോഗികമായ നടപടിയായിരിക്കുമെന്നും കുറിപ്പിൽ പറയുന്നു.

ഒരു പെൺകുട്ടിയും ആർത്തവത്തിന്റെ പേരിൽ പഠനം ഒഴിവാക്കി വീട്ടിലിരിക്കാൻ ആഗ്രഹിക്കില്ലെന്നും, ഭൂരിഭാഗം മാതാപിതാക്കളും അത്തരമൊരു സാഹചര്യം പ്രോത്സാഹിപ്പിക്കില്ലെന്നും ശ്രീലേഖ അഭിപ്രായപ്പെട്ടു.

സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിക്കുമെന്ന സർക്കാർ നയപ്രഖ്യാപനത്തിന് പിന്നാലെയാണ് ശ്രീലേഖയുടെ പ്രതികരണം. വിഷയത്തിൽ അനുകൂലവും പ്രതികൂലവുമായി വിവിധ അഭിപ്രായങ്ങൾ ഉയരുന്ന സാഹചര്യത്തിൽ അവരുടെ കുറിപ്പും ചർച്ചയാവുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button