നവകേരള സദസ് പ്രതിഷേധ മർദനം: അഞ്ച് പൊലീസുകാർക്കെതിരെ നരഹത്യാക്കുറ്റം; എസ്‌ഐടി റിപ്പോർട്ട് കോടതിയിൽ

ആലപ്പുഴ: നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകർക്ക് നേരെയുണ്ടായ മർദനക്കേസിൽ പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

നരഹത്യാക്കുറ്റം ഉൾപ്പെടുത്തിയ അന്വേഷണ റിപ്പോർട്ട് എസ്‌ഐടി ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. പ്രതികൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് ഗുരുതര വകുപ്പുകൾ ചേർത്തതെന്നാണ് വിവരം.

2023 ഡിസംബർ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന Pinarayi Vijayan നയിച്ച നവകേരള സദസ് ബസ് കടന്നുപോകുന്നതിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ പൊലീസ് സാന്നിധ്യത്തിൽ മർദിച്ചുവെന്നാണ് കേസ്.

മർദനത്തിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റായിരുന്ന എ.ഡി. തോമസിനും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസിനും പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയുടെ ഗൺമാനായിരുന്ന ഇൻസ്പെക്ടർ എസ്. അനിൽകുമാർ ഉൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.

ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി ഷൗക്കത്തലി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ സസ്പെൻഷൻ ഉത്തരവിറക്കിയത്.

ഇതിനിടെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ പുതിയ വകുപ്പുകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ഹാജരാക്കാത്തതിനെ തുടർന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥനെ വിമർശിച്ചിരുന്നു. തുടർന്ന് നരഹത്യാക്കുറ്റം ഉൾപ്പെടെയുള്ള പുതിയ വകുപ്പുകൾ ചേർത്ത് എസ്‌ഐടി പുതുക്കിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button