നീറ്റ് പുനഃപരീക്ഷ നടത്തിപ്പിൽ ദില്ലിയിൽ നിർണായക യോഗം; ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നാലെ അടിയന്തര നീക്കങ്ങൾ

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ദില്ലിയിൽ നിർണായക യോഗം ചേർന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ, എൻടിഎ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ.

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പരിഹരിക്കുന്നതിനായി വിവിധ നടപടികൾ കേന്ദ്രം സ്വീകരിച്ചു. സിബിഎസ്ഇ വിദ്യാർത്ഥികൾക്കായി ഹെൽപ്പ്ലൈൻ സംവിധാനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കൗൺസിലിങ്ങിനായുള്ള പ്രത്യേക ഫോൺ നമ്പറും പരാതി നൽകുന്നതിനുള്ള ഇമെയിൽ വിലാസവും പുറത്തിറക്കിയിട്ടുണ്ട്.

ഇതിനിടെ, സിബിഎസ്ഇ പുനർമൂല്യനിർണയ തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രംഗത്തെത്തി. പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ആവശ്യമായ തിരുത്തൽ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ സുരക്ഷിതമാണെന്നും, ഒഎസ്എം (OSM) സംവിധാനത്തിലെ സാങ്കേതിക വീഴ്ചയാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും മന്ത്രി പറഞ്ഞു. സിബിഎസ്ഇ ആദ്യമായാണ് ഒഎസ്എം സംവിധാനം നടപ്പിലാക്കുന്നതെന്നും അതിൽ പൊരുത്തക്കേടുകൾ ഉണ്ടായതായും അദ്ദേഹം സമ്മതിച്ചു.

വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും നടപടി പരിഗണനയിലാണെന്ന് സൂചനയുണ്ട്. ഭാവിയിൽ ഒഎസ്എം സംവിധാനം വീണ്ടും നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചകളും നടക്കും.

അതേസമയം, വിദ്യാർത്ഥികളുടെ ആവശ്യപ്രകാരം സുപ്രീംകോടതി അഭിഭാഷകൻ വീനീത് ജിൻഡാൽ സിബിഎസ്ഇയ്ക്ക് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. പരീക്ഷാ സംവിധാനത്തിലെ തകരാറുകളും വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയാണ് നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button