ജനക്ഷേമ പദ്ധതികളും നയങ്ങളും നടപ്പിലാക്കാൻസാമൂഹിക പ്രതിബദ്ധതയുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥർ വേണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജനങ്ങൾക്കായുള്ള പദ്ധതികളും നയങ്ങളും നടപ്പിലാക്കാൻ സാമൂഹിക പ്രതിബദ്ധതയുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥർ വേണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മുൻ ഡി.ജി.പി. ഋഷിരാജ് സിംഗിന്റെ പുതിയ രചനയായ ‘സിവിൽ സർവീസ് പരീക്ഷ- 34 രഹസ്യങ്ങൾ’ എന്ന പുസ്‌തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നയം രൂപീകരിക്കുന്നത് രാഷ്‌ട്രീയക്കാരാണെങ്കിലും അത് നടപ്പിലാക്കുന്നത് മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥരാണ്. കേരളത്തിൽ സർവീസിനെത്തുന്ന മറ്റ് സംസ്ഥാന ഉദ്യോഗസ്ഥർ വിരമിച്ചാലും കേരളം വിടാൻ താത്‌പര്യം കാണിക്കാറില്ല എന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ഋഷിരാജ് സിംഗ് ജനിച്ചതും വളർന്നതും മറ്റൊരു നാട്ടിലാണെങ്കിലും അദ്ദേഹം ഇന്നൊരു കേരളീയനാണ്. സർവീസിലായിരുന്ന കാലത്തും അദ്ദേഹത്തിന്റെ പ്രവർത്തനം വലിയ മതിപ്പുളവാക്കി. പൊതുജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടുകയും തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. സിവിൽ സർവീസ് നേടുകയെന്നത് വളരെയേറെ കഠിനാധ്വാനം ആവശ്യമുള്ള മേഖലയാണ്. എന്റെ മകൻ സിവിൽ സർവീസ് നേടാനായി പ്രയത്നിച്ചത് നേരിൽ കണ്ടിട്ടുള്ളയാണ് ഞാൻ. അതുകൊണ്ടുതന്നെ ഇത്തരം മേഖലയിൽ എത്താൻ ആഗ്രഹിക്കുന്നവർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാകും. ഭാവിയിൽ ഈ മേഖലയിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുസ്‌തകം ഒരു വഴികാട്ടിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ പുസ്‌തകം ഏറ്റുവാങ്ങി. മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. 44 വർഷം മുൻപ് താൻ സിവിൽ സർവീസ് പഠിക്കുന്ന കാലത്ത് നേരിട്ട ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ് ഇത്തരമൊരു പുസ്‌തക രചനയ്‌ക്ക് പ്രേരണയായതെന്ന് ഋഷിരാജ് സിംഗ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. സൈൻ ബുക്‌സ് എഡിറ്റർ ബോബി തോമസും ചടങ്ങിൽ സ്വാഗതം ആശംസിച്ചു.



