എസ്ഐആര്‍ നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ട്: സുപ്രീംകോടതി

ന്യൂഡൽഹി: വോട്ടര്‍ പട്ടിക സമഗ്ര പരിഷ്‌കരണത്തിന് (എസ്ഐആര്‍) തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടെന്ന് സുപ്രീംകോടതി. എസ്ഐആറിന് നിയമസാധുതയുണ്ട്. ഭരണകൂടതാല്‍പര്യം മുന്‍നിര്‍ത്തിയെന്ന വാദം ശരിയല്ല. ഭരണകൂട ഇടപെടല്‍ വാദത്തിന് തെളിവുകളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വോട്ടര്‍പട്ടിക സമഗ്ര പരിഷ്‌കരണത്തിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് വിധി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ പഞ്ചോളി എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നിലവിലുള്ള നിയമങ്ങളെയോ ഭരണഘടനാ വ്യവസ്ഥകളെയോ ലംഘിക്കുന്നില്ലെന്ന് കോടതി ചൂണ്ടികാട്ടി. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 16 പ്രകാരം വോട്ട് ചെയ്യാന്‍ അര്‍ഹതയില്ലാത്തവരെയും അയോഗ്യരായവരെയും വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിയമപരമായ അധികാരമുണ്ട്.

വോട്ടര്‍പട്ടിക അട്ടിമറിക്കാനല്ല, മറിച്ച് അതിന്റെ കൃത്യതയും സമഗ്രതയും പുനഃസ്ഥാപിക്കുക എന്ന ഭരണഘടനാപരമായ ഉദ്ദേശ്യത്തോടെയാണ് എസ്‌ഐആര്‍ നടത്തിയത്. ഇത്തരം പ്രക്രിയകള്‍ എപ്പോഴും ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമാണെന്നും കോടതി പറഞ്ഞു.എസ്‌ഐആര്‍ എന്നത് പിന്‍വാതിലിലൂടെയുള്ള പൗരത്വ പരിശോധനയാണെന്നും പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ആരോപിച്ച് രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button