മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മാധ്യമപ്രവർത്തകന്റെ വിമർശനം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാർത്താസമ്മേളന ശൈലി മുൻ മുഖ്യമന്ത്രി പിണറായി വിജയനെ അനുസ്മരിപ്പിക്കുന്നതാണെന്ന് വിമർശിച്ച് മാധ്യമപ്രവർത്തകൻ ആദിൽ പാലോട്. “വി.ഡി. സതീശൻ അര പിണറായി ആണെന്ന വിമർശനത്തെ സാധൂകരിക്കുന്ന അനുഭവങ്ങളാണ് തുടർച്ചയായി ഉണ്ടാകുന്നത്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ദില്ലി കേരള ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകർ ഉന്നയിച്ച ചില ചോദ്യങ്ങൾ മുഖ്യമന്ത്രി അവഗണിച്ചുവെന്നാരോപിച്ചാണ് വിമർശനം. ഇന്ധന സെസ് കുറയ്ക്കൽ, സിൽവർ ലൈൻ പദ്ധതിക്ക് പകരമായ പദ്ധതികൾ തുടങ്ങിയ വിഷയങ്ങളിൽ പലതവണ ചോദിച്ച ശേഷമാണ് മറുപടി ലഭിച്ചതെന്ന് ആദിൽ പാലോട് ചൂണ്ടിക്കാട്ടി.
“പ്രധാനമന്ത്രിയെ കാണുമ്പോൾ എന്തെല്ലാം ആവശ്യങ്ങൾ ഉന്നയിക്കും എന്ന ചോദ്യത്തോട് ‘ഇതൊക്കെ ഒരു ചോദ്യമാണോ’ എന്ന രീതിയിലുള്ള പ്രതികരണമാണ് മുഖ്യമന്ത്രി നടത്തിയത്. വാർത്താസമ്മേളനത്തിൽ ഇഷ്ടമുള്ള ചോദ്യങ്ങൾ മാത്രം എടുത്ത് ബാക്കിയുള്ളവ ഒഴിവാക്കുന്ന സമീപനമാണ് കണ്ടത്,” അദ്ദേഹം ആരോപിച്ചു.
വാർത്താസമ്മേളനത്തിന്റെ അവസാനത്തിൽ “ഇപ്പോൾ ഇതുമതി” എന്ന് പറഞ്ഞ് മുഖ്യമന്ത്രി എഴുന്നേറ്റ് പോയതും വിമർശനത്തിനിടയാക്കി. “കടിച്ചതിനേക്കാൾ വലുതാണല്ലോ മാളത്തിലുള്ളത്” എന്ന പരാമർശത്തോടെയാണ് ആദിൽ പാലോട് തന്റെ വിമർശനം അവസാനിപ്പിച്ചത്.



