ഇന്ധനവില വീണ്ടും കുതിക്കുമോ? എണ്ണക്കമ്പനികൾക്ക് ദിനംപ്രതി 600 കോടി നഷ്ടം

കൊച്ചി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ തുടർച്ചയായ വർധന ഉണ്ടായിട്ടും പൊതുമേഖല എണ്ണക്കമ്പനികൾക്ക് വിൽപ്പന നഷ്ടത്തിൽ നിന്ന് മോചനം ലഭിക്കുന്നില്ല. കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെ നാല് തവണയായി ലിറ്ററിന് എട്ട് രൂപയ്ക്കുമുകളിൽ വില കൂട്ടിയിട്ടും നിലവിലെ സാഹചര്യത്തിൽ ഇനിയും പത്ത് രൂപയിലധികം വർധന അനിവാര്യമാണെന്ന നിലപാടിലാണ് എണ്ണക്കമ്പനികൾ.

രാജ്യാന്തര വിപണിയിലെ ക്രൂഡോയിൽ വിലക്കയറ്റവും രൂപയുടെ മൂല്യത്തകർച്ചയും കമ്പനികൾക്ക് വലിയ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ക്രൂഡോയിൽ വില ഇരട്ടിയിലധികം ഉയർന്നതും സമ്മർദ്ദം വർധിപ്പിച്ചു. നിലവിലെ വിലക്കയറ്റത്തിന് ശേഷവും പെട്രോൾ, ഡീസൽ എന്നിവ ഉത്പാദനച്ചെലവിലും താഴ്ന്ന നിരക്കിലാണ് വിറ്റഴിക്കുന്നതെന്ന് പെട്രോളിയം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിലൂടെ പ്രതിദിനം ഏകദേശം 600 കോടി രൂപയുടെ നഷ്ടമാണ് എണ്ണക്കമ്പനികൾക്ക് ഉണ്ടാകുന്നതെന്നും അവർ വ്യക്തമാക്കി.

ആഗോളതലത്തിൽ കഴിഞ്ഞ നാല് മാസത്തിനിടെ പെട്രോളിന് 22 ശതമാനവും ഡീസലിന് 27 ശതമാനവും വില ഉയർന്നപ്പോൾ ഇന്ത്യയിൽ ഇതുവരെ എട്ട് ശതമാനം വർധന മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ മാർച്ചിൽ പെട്രോൾ, ഡീസൽ എക്സൈസ് തീരുവ പത്ത് ശതമാനം കുറച്ചതോടെ കേന്ദ്രസർക്കാരിന് 14,000 കോടി രൂപയുടെ വരുമാന നഷ്ടവും നേരിട്ടു.

അതേസമയം, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ആശ്വാസസൂചനകൾ ഉയർന്നതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞു. അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലേക്ക് നീങ്ങുന്നുവെന്ന പ്രതീക്ഷയിലാണ് വില ഇടിവുണ്ടായത്. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 6.5 ഡോളർ കുറഞ്ഞ് 97 ഡോളറിലും ഡബ്ള്യു.ടി.ഐ ക്രൂഡ് 90 ഡോളറിലുമെത്തി.

ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള സാധ്യത ശക്തമായതോടെ നിക്ഷേപകർ സ്വർണത്തിലും ഓഹരികളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. യുദ്ധഭീതി കുറഞ്ഞതോടെ ഡോളറിനെതിരെ രൂപയും കരുത്താർജിച്ചു. കയറ്റുമതിക്കാർ ഡോളർ വ്യാപകമായി വിറ്റഴിച്ചതിനെ തുടർന്ന് രൂപ 35 പൈസ നേട്ടത്തോടെ 95.25ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിദേശ നിക്ഷേപകർ വീണ്ടും ഇന്ത്യൻ ഓഹരി വിപണിയിലേക്ക് മടങ്ങിയെത്തിയതും വിപണിക്ക് ആത്മവിശ്വാസമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button