ഹരിപ്പാട് ആശുപത്രിയിൽ ഞെട്ടിക്കുന്ന സംഭവം; പ്രസവിച്ച കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിഞ്ഞു യുവതി

ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ആശുപത്രി ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ ഞെട്ടലിൽ നാട്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. അവിവാഹിതയായ 19കാരിയാണ് പ്രസവിച്ച കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞത്. അമ്മയും കുഞ്ഞും നിലവിൽ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

വയറുവേദനയെ തുടർന്ന് ഇന്നലെ രാത്രി ഒൻപത് മണിയോടെ പിതാവിനൊപ്പമാണ് യുവതി ആശുപത്രിയിലെത്തിയത്. പരിശോധന നടത്തിയ ഡോക്ടർ നിരീക്ഷണത്തിൽ തുടരാൻ നിർദേശിച്ചിരുന്നു. എന്നാൽ ഗർഭിണിയാണെന്ന സംശയം ഉണ്ടായിരുന്നുവെങ്കിലും യുവതി അത് നിഷേധിക്കുകയായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. നിലവിൽ ആർത്തവകാലമാണെന്നും യുവതി അറിയിച്ചിരുന്നു.

ശേഷം യുവതി ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിക്കുകയും കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിയുകയുമായിരുന്നു. ഇടയ്ക്കിടെ ശുചിമുറിയിൽ പോകുന്ന യുവതിയെ ശ്രദ്ധിച്ചിരുന്ന ജീവനക്കാർക്ക് പിന്നാലെ കുഞ്ഞിന്റെ കരച്ചിൽ കേട്ടു. ആദ്യം ശുചിമുറിയിൽ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ജനലിന്റെ പുറകുവശത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.

മുൻപ് സ്‌കാൻ നടത്തിയപ്പോൾ ‘കൊഴുപ്പാണ്’ കണ്ടെത്തിയതെന്ന് യുവതി പറഞ്ഞതായി ഡോക്ടർമാർ വ്യക്തമാക്കി. വയറുപരിശോധനയ്ക്ക് യുവതി സഹകരിച്ചിരുന്നില്ലെന്നും വേദന കുറയ്ക്കാനുള്ള മരുന്ന് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

യുവതി ഗർഭിണിയാണെന്ന വിവരം വീട്ടുകാർക്കും അറിയില്ലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button