താത്കാലിക അധ്യാപക നിയമനങ്ങൾക്കും ഇനി കെ-ടെറ്റ് നിർബന്ധം; പുതിയ ഉത്തരവുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ താത്കാലിക അധ്യാപക നിയമനങ്ങൾക്കും ഇനി കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കി സർക്കാർ. ഹൈസ്കൂൾ വരെയുള്ള പൊതുവിദ്യാലയങ്ങളിലെ എല്ലാ അധ്യാപകരും അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റ് പാസായിരിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കിയത്.

പുതിയ നിർദേശപ്രകാരം പൂർണ യോഗ്യതയുള്ളവരെ മാത്രമേ താത്കാലിക അധ്യാപകരായി നിയമിക്കാനാവൂ. കൂടാതെ, താത്കാലിക നിയമനങ്ങളിൽ സംവരണ വ്യവസ്ഥകളും കർശനമായി പാലിക്കണമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

1:1 അനുപാതത്തിൽ രണ്ടാമത്തെ ഒഴിവ് പട്ടികവിഭാഗങ്ങൾക്കും പിന്നാക്കവിഭാഗങ്ങൾക്കും ക്രമമനുസരിച്ച് നൽകണമെന്നും ഉത്തരവിൽ പറയുന്നു. സംവരണ വിഭാഗങ്ങളിൽ അർഹരായ അപേക്ഷകരില്ലാത്ത സാഹചര്യത്തിൽ മാത്രമേ പൊതുവിഭാഗത്തിൽ നിന്നുള്ള നിയമനങ്ങൾക്ക് അനുമതിയുണ്ടാകൂ.

താത്കാലിക നിയമന നടപടികളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനായി അഭിമുഖ പാനലിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇനി മുതൽ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനോ അവരുടെ പ്രതിനിധിയോ അഭിമുഖ പാനലിൽ നിർബന്ധമായും ഉണ്ടായിരിക്കണം.

പുതിയ ഉത്തരവ് സംസ്ഥാനത്തെ താത്കാലിക അധ്യാപക നിയമനരീതിയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button