പാളയം മാർക്കറ്റിലെ അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചു നീക്കി; കർശന നടപടിയുമായി നഗരസഭ

തിരുവനന്തപുരം: പാളയം മാർക്കറ്റിലെ അനധികൃത കയ്യേറ്റങ്ങൾക്കും അനധികൃത നിർമാണങ്ങൾക്കുമെതിരെ കർശന നടപടിയുമായി തിരുവനന്തപുരം നഗരസഭ രംഗത്ത്. നഗരസഭയുടെ ഹെൽത്ത് സ്ക്വാഡിന്റെ നേതൃത്വത്തിൽ മാർക്കറ്റിലെ ചില അനധികൃത നിർമാണങ്ങൾ ഇന്ന് പൊളിച്ചുനീക്കി.
സംഭവസാധ്യത കണക്കിലെടുത്ത് ശക്തമായ പൊലീസ് സുരക്ഷയോടെയാണ് നടപടി നടപ്പാക്കിയത്. അനധികൃത നിർമാണങ്ങൾ സ്വയം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കടയുടമകൾക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നുവെങ്കിലും നിർദേശം പാലിക്കാത്തതിനെ തുടർന്നാണ് നഗരസഭ നേരിട്ട് ഇടപെട്ടത്.
കഴിഞ്ഞ ദിവസം മേയർ വി.വി. രാജേഷ് പാളയം മാർക്കറ്റിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭയുടെ അടിയന്തര നടപടി ഉണ്ടായത്.
മാർക്കറ്റിലെ അനധികൃത നിർമാണങ്ങളും അനാവശ്യ പണപ്പിരിവുകളും അനുവദിക്കില്ലെന്നും, ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ പൂർണമായും അവസാനിപ്പിക്കുമെന്നും മേയർ വ്യക്തമാക്കി. മാർക്കറ്റിന്റെ സുഗമ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്ന് നഗരസഭ അറിയിച്ചു.



