“സിനിമയിൽ മുഖ്യമന്ത്രി ആകുന്നത് എളുപ്പം, യഥാർത്ഥ ജീവിതത്തിൽ അതല്ല”; വി.ഡി. സതീശനെ അനുമോദിച്ച് മമ്മൂട്ടി

എറണാകുളം: കൊച്ചി പൗരാവലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻനെ അനുമോദിച്ച് നടൻ മമ്മൂട്ടി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ജില്ലയിലെ ആദ്യ മുഖ്യമന്ത്രിയായ വി.ഡി. സതീശനും ജില്ലയിലെ മന്ത്രിമാർക്കും എംഎൽഎമാർക്കും സ്വീകരണം നൽകുന്നതിനിടെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

സിനിമയിൽ പലതവണ മുഖ്യമന്ത്രിയുടെ വേഷം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും യഥാർത്ഥ ജീവിതത്തിലെ മുഖ്യമന്ത്രി പദം അതീവ ഉത്തരവാദിത്തമുള്ളതാണെന്ന് മമ്മൂട്ടി പറഞ്ഞു.

“തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയായി ഞാൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അത് എളുപ്പമുള്ള കാര്യമാണ്. പക്ഷേ യഥാർത്ഥ ജീവിതത്തിൽ മുഖ്യമന്ത്രി എന്നത് വലിയ ഉത്തരവാദിത്തമുള്ള പദവിയാണ്,” മമ്മൂട്ടി പറഞ്ഞു.

സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹരിക്കുകയും ചെയ്യേണ്ട വലിയ ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്നും മന്ത്രിസഭയെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ ചുമതലകൾ നീതിപൂർവ്വം നിർവഹിക്കാൻ കഴിയട്ടെയെന്ന് ആശംസിച്ച മമ്മൂട്ടി, ചടങ്ങിൽ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button