ടെക്നോപാർക്ക് സന്ദർശിച്ച് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി; ഐടി വികസന പദ്ധതികൾ അവലോകനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി-വ്യവസായ മേഖലകളുടെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി തിരുവനന്തപുരം ടെക്നോപാർക്ക് സന്ദർശിച്ചു.
സന്ദർശനത്തിന്റെ ഭാഗമായി ടെക്നോപാർക്കിൽ ഐടി വകുപ്പിന് കീഴിലുള്ള വിവിധ ഐടി പാർക്കുകളുടെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേർന്നു. ഡോ. സീറാം സാംബശിവ റാവു IAS-ന്റെ നേതൃത്വത്തിലായിരുന്നു യോഗം സംഘടിപ്പിച്ചത്.
യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ നിലവിലെ പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, പുതിയ നിക്ഷേപ സാധ്യതകൾ, വരാനിരിക്കുന്ന ഭാവി വികസന പദ്ധതികൾ എന്നിവ ഉൾപ്പെടുത്തി വിശദമായ പ്രസന്റേഷൻ അവതരിപ്പിച്ചു.
സംസ്ഥാനത്തെ ഐടി മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നൂതന സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ വികസന കാഴ്ചപ്പാടുകളും പദ്ധതികളും യോഗത്തിൽ ചർച്ചയായി. ടെക്നോപാർക്കിനെയും അനുബന്ധ ഐടി പാർക്കുകളെയും രാജ്യത്തെ പ്രധാന സാങ്കേതിക കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് മന്ത്രി നിർദേശിച്ചു.
ഐടി-വ്യവസായ രംഗത്ത് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള പദ്ധതികൾക്ക് സർക്കാർ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ടെന്ന് യോഗത്തിൽ വിലയിരുത്തപ്പെട്ടു.



