ഭാര്യ സ്വന്തം വീട്ടിലെത്തിയത് പ്രകോപനമായി; നാല് ബന്ധുക്കളെ കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ്

പാലക്കാട്: ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതിലുള്ള പ്രകോപനത്തെ തുടർന്ന് ഭർത്താവ് ഭാര്യ ഉൾപ്പെടെ നാല് ബന്ധുക്കളെ കുത്തിപ്പരിക്കേൽപ്പിച്ചു. പാലക്കാട് ഒറ്റപ്പാലത്തിനടുത്ത മൈലുംപുറത്താണ് സംഭവം. പത്മജ എന്ന സ്ത്രീക്കും ബന്ധുക്കൾക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ ഭർത്താവ് അനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പത്മജയുടെ സ്വദേശമായ മൈലുംപുറത്തെ കുടുംബവീട്ടിൽ സർപ്പക്കാവിൽ ആരാധന നടക്കുന്നതിനാലാണ് അവർ രണ്ടുദിവസം മുൻപ് വീട്ടിലെത്തിയത്. ഭാര്യ സ്വന്തം വീട്ടിലേക്ക് പോകുന്നതിൽ അനിൽ കുമാറിന് എതിർപ്പുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇത് മറികടന്ന് പോയതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
സംഭവസമയത്ത് പത്മജ വീടിനകത്തായിരുന്നു. ആയുധവുമായി എത്തിയ അനിൽ കുമാർ ആദ്യം പത്മജയെ ആക്രമിച്ചു. ഇത് തടയാൻ ശ്രമിച്ച സഹോദരൻ സച്ചിനും കുത്തേറ്റു. തുടർന്ന് ഇടപെടാൻ ശ്രമിച്ച ബന്ധുക്കളായ മോഹനകുമാറിനും വിഷ്ണുജിത്തിനും ആക്രമണത്തിൽ പരിക്കേറ്റു.
പരിക്കേറ്റ നാലുപേരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്മജയുടെ മക്കളുടെ മുന്നിൽ വച്ചായിരുന്നു ആക്രമണം നടന്നത്. പത്മജയുടെയും സച്ചിന്റെയും പരിക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ മോഹനകുമാറിന്റെയും വിഷ്ണുജിത്തിന്റെയും നില ഗുരുതരമാണെന്നാണ് വിവരം.
സംഭവത്തിൽ അനിൽ കുമാറിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



