‘ആദ്യമേ പറഞ്ഞതല്ലേ’,പറ്റില്ലെന്ന് സ്ഥാനാർഥി വിമർശനത്തിൽ പൊട്ടിത്തെറിച്ച് വീണ ജോർജ്

പത്തനംതിട്ട: ആറന്മുളയിലെ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനങ്ങളും മറുപടികളും ഉയർന്നു. മുൻ മന്ത്രി വീണ ജോർജ്ക്കെതിരായ വിമർശനങ്ങൾക്ക് യോഗത്തിനിടെ അവർ തന്നെ ശക്തമായി മറുപടി നൽകി.

സ്ഥാനാർഥിത്വം ഏറ്റെടുക്കാൻ താത്പര്യമില്ലെന്ന് ആദ്യം തന്നെ ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും, തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും വീണ വ്യക്തമാക്കി. എന്നാൽ മറ്റാരെയും കണ്ടെത്താനായില്ലെന്ന് പറഞ്ഞ് നിർബന്ധിച്ചാണ് സ്ഥാനാർഥിയാക്കിയതെന്ന് അവർ ആരോപിച്ചു.

തന്റെ സ്ഥാനാർഥിത്വത്തിന് പിന്നാലെ മണ്ഡലം സെക്രട്ടറി ഓമല്ലൂർ ശങ്കരൻ സ്ഥാനം ഒഴിഞ്ഞതും പിന്നീട് തെറ്റായ രീതിയിൽ പ്രചരിപ്പിച്ചതും വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചുവെന്ന് വീണ പറഞ്ഞു. നിർബന്ധിച്ച് സ്ഥാനാർഥിയാക്കിയ ശേഷം ഇത്തരത്തിൽ വിമർശിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, എല്ലാം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും അവർ വ്യക്തമാക്കി.

യോഗത്തിൽ ചില നേതാക്കൾ തന്നെ തോൽപിക്കാൻ ശ്രമിച്ചുവെന്ന വിമർശനവും ഉയർന്നു. വീണയുടെ പെരുമാറ്റമാണ് തോൽവിക്ക് കാരണമെന്ന വിലയിരുത്തലും ചില അംഗങ്ങൾ മുന്നോട്ടുവച്ചു. സാധാരണ പാർട്ടി പ്രവർത്തകരുടെ ഫോൺ വിളികൾ പോലും എടുക്കാറില്ലെന്നും, അനാവശ്യ വിവാദങ്ങളിൽ ഇടപെടാറുണ്ടെന്നും വിമർശനം ഉയർന്നതായി റിപ്പോർട്ടുണ്ട്.

അതേസമയം സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ടും പാർട്ടിക്കുള്ളിൽ അസന്തോഷം ഉയർന്നു. പിണറായി വിജയൻ പേരാവൂരിൽ തന്നെ മത്സരിക്കേണ്ടിയിരുന്നുവെന്നാണ് ചിലരുടെ അഭിപ്രായം. കെ.കെ. ശൈലജയെ മട്ടന്നൂരിൽ നിന്ന് മാറ്റി പേരാവൂരിൽ മത്സരിപ്പിച്ചതും തെറ്റായ നീക്കമായിരുന്നുവെന്ന വിമർശനവും യോഗത്തിൽ ഉയർന്നു.

തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള ചർച്ചകൾ നാളെയും തുടരുമെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button