സത്യപ്രതിജ്ഞയിൽ നിന്ന് വിട്ടുനിൽക്കുന്നു; കാരണം വ്യക്തമാക്കി ശശി തരൂർ

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശൻ നയിക്കുന്ന സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ച് തിരുവനന്തപുരം എംപി ശശി തരൂർ.

മസാച്യുസെറ്റ്സിലെ ടഫ്റ്റ്സ് സർവകലാശാലയിലെ ബിരുദദാനച്ചടങ്ങിൽ അതിഥിയായി പങ്കെടുക്കുന്നതിനായി അമേരിക്കയിലെ ബോസ്റ്റണിൽ ആയിരിക്കുമെന്ന് തരൂർ സമൂഹമാധ്യമ കുറിപ്പിൽ വ്യക്തമാക്കി. താൻ പഠിച്ച ഫ്ലെച്ചർ സ്കൂൾ ഓഫ് ലോ ആൻഡ് ഡിപ്ലോമസിയുടെ ബിരുദദാന ചടങ്ങിൽ ഉദ്ഘാടന പ്രസംഗം നടത്താനും 50-ാം വാർഷിക പുനഃസമാഗമത്തിൽ പങ്കെടുക്കാനുമാണ് യാത്ര.

“കോൺഗ്രസിലെ സഹപ്രവർത്തകനും കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയുമായ വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദമുണ്ട്” എന്ന് തരൂർ കുറിച്ചു. കേരളത്തിന്റെ ഭാവിക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നതിനൊപ്പം, യുഎസിൽ പഴയ ഓർമ്മകൾ ആഘോഷിക്കുന്ന അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ചടങ്ങിൽ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ഡി. കെ. ശിവകുമാർ എന്നിവരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചതനുസരിച്ച് ബിജെപിയിലെ മൂന്ന് നിയുക്ത എംഎൽഎമാരും ചടങ്ങിൽ പങ്കെടുക്കും. സിപിഎം നേതാക്കളും പങ്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button