കൂടെ നിന്നവർക്ക് സ്ഥാനം വേണം; നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിലെ ചർച്ചകൾ കൂടുതൽ സങ്കീർണ്ണമാകുന്നു. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിലും വകുപ്പ് വിഭജനത്തിലും അസന്തുഷ്ടനായ രമേശ് ചെന്നിത്തല, ഹൈക്കമാൻഡിന്റെ അനുനയ ശ്രമങ്ങൾക്കിടയിലും നിലപാട് കടുപ്പിച്ചിരിക്കുകയാണ്.

സ്വയം മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് പുറമേ, തന്റെ പക്ഷത്ത് നിൽക്കുന്ന മുതിർന്ന എം.എൽ.എമാർക്കും സ്ഥാനം ഉറപ്പാക്കണമെന്ന ആവശ്യമാണ് ചെന്നിത്തല മുന്നോട്ട് വെച്ചിരിക്കുന്നത്. അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ എന്നിവരെ മന്ത്രിസഭയിൽ പരിഗണിക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. കൂടാതെ ടി.ജെ. വിനോദ്, ജ്യോതികുമാർ ചാമക്കാല എന്നിവരുടെയും പേരുകൾ ചെന്നിത്തല മുന്നോട്ടുവെച്ചതായാണ് വിവരം.

വർഷങ്ങളായി പാർട്ടിക്കായി പ്രവർത്തിച്ച മുതിർന്ന എം.എൽ.എമാരെ അവഗണിച്ച് മന്ത്രിസഭ രൂപീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ചെന്നിത്തല പക്ഷത്തിന്റെ നിലപാട്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന അസന്തോഷം ശമിപ്പിക്കാൻ കോൺഗ്രസ് കേന്ദ്ര നേതൃത്വം സജീവമായി ഇടപെടുകയാണ്.

ഇതിനിടെ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കഴിഞ്ഞ ദിവസം ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തി നേരിട്ട് ചർച്ച നടത്തിയിരുന്നു. എന്നിട്ടും മുൻപ് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ കൈകാര്യം ചെയ്ത ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന ആവശ്യത്തിൽ ചെന്നിത്തല ഉറച്ചുനിൽക്കുകയാണ്.

അതേസമയം നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശൻ കഴിഞ്ഞ ദിവസം ചെന്നിത്തലയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടു പുതിയ മന്ത്രിസഭയുടെ ഭാഗമാകാൻ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ വകുപ്പ് വിഭജനത്തിലും സ്ഥാനപരിഗണനയിലും വ്യക്തത വരാതെ അന്തിമ തീരുമാനം ഉണ്ടാകില്ലെന്ന സൂചനയാണ് ചെന്നിത്തല പക്ഷം നൽകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button