സൂര്യകുമാറിന് ശേഷം സഞ്ജു സാംസൺ? ഇന്ത്യയുടെ ഭാവി ടി20 നായകനായി ഉയരുന്ന സാധ്യതകൾ ചർച്ചയിൽ

മുംബൈ: ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിനെ നയിക്കാൻ യോഗ്യരായ താരങ്ങളിൽ സഞ്ജു സാംസന്റെ പേര് ശക്തമായി ഉയർന്നു വരുന്നതായി റിപ്പോർട്ടുകൾ. നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സ്ഥാനമൊഴിയുന്ന സാഹചര്യത്തിൽ ഇന്ത്യയെ നയിക്കാൻ അനുയോജ്യൻ സഞ്ജുവാണെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്‌ത്രി അഭിപ്രായപ്പെട്ടു.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിച്ച അനുഭവവും തുടർച്ചയായ മികച്ച പ്രകടനങ്ങളുമാണ് സഞ്ജുവിനെ നായകസ്ഥാനത്തിന് പരിഗണിക്കാൻ പ്രധാന കാരണങ്ങളെന്ന് ശാസ്‌ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര മത്സരങ്ങളിലും ഐപിഎല്ലിലും കാണിച്ച സ്ഥിരതയും ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന കഴിവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഈ വർഷം നടന്ന ട്വന്റി20 ലോകകപ്പിൽ സൂര്യകുമാർ യാദവ് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചപ്പോൾ, പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് സഞ്ജു സാംസണായിരുന്നു. അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസ് നേടിയ സഞ്ജു, മൂന്ന് അർധസെഞ്ചുറികളും സ്വന്തമാക്കി ശ്രദ്ധേയ പ്രകടനമാണ് പുറത്തെടുത്തത്.

2028 ലോകകപ്പിനെ മുൻനിർത്തി അടുത്ത രണ്ട് വർഷത്തിനുള്ളിലെ പ്രകടനങ്ങൾ പരിഗണിച്ചായിരിക്കും പുതിയ ക്യാപ്റ്റനെ തീരുമാനിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ ഐപിഎൽ 2026 സീസണിലും മികച്ച ഫോമിലാണ് സഞ്ജു. ചെന്നൈ സൂപ്പർ കിംഗ്സിനായി 11 ഇന്നിംഗ്സുകളിൽ നിന്ന് 430 റൺസ് താരം ഇതിനകം നേടിയിട്ടുണ്ട്.

ഇംഗ്ലണ്ട്, അയർലൻഡ് പര്യടനത്തിനിടെ ടി20 ടീമിന്റെ ക്യാപ്റ്റനായി സഞ്ജു സാംസൺ അരങ്ങേറ്റം കുറിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button