ഇറക്കുമതി തീരുവ വർദ്ധനവ്; സ്വർണവില റെക്കോർഡ് കുതിപ്പ് ഒറ്റ ദിവസം 10,200 രൂപയുടെ വർദ്ധന

തിരുവനന്തപുരം: ഇറക്കുമതി തീരുവ 15 ശതമാനമായി വർദ്ധിപ്പിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. ഇന്നലെ 1,12,920 രൂപയായിരുന്ന ഒരു പവൻ (22 കാരറ്റ്) സ്വർണത്തിന്റെ വില ഇന്ന് 1,23,120 രൂപയായി ഉയർന്നു. ഒറ്റ ദിവസത്തിനുള്ളിൽ 10,200 രൂപയുടെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഗ്രാമിന് 1,275 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവിലയാണിത്. ഒറ്റ ദിവസം കൊണ്ട് ഇത്രയും വലിയ വില വർദ്ധനവ് ആദ്യമായാണെന്ന് വ്യാപാരികൾ അഭിപ്രായപ്പെടുന്നു.

മെയ് 5-നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,09,400 രൂപയായിരുന്നു. അതിനുശേഷം തുടർച്ചയായ ഉയർച്ചയാണ് വിപണിയിൽ കാണുന്നത്.

വെള്ളി വിലയിലും വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 320 രൂപയും 10 ഗ്രാം വെള്ളിക്ക് 3,200 രൂപയുമാണ് നിലവിലെ വ്യാപാരം.

സ്വർണ ഇറക്കുമതി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയത്. രൂപയുടെ വിനിമയ നിരക്ക് സ്ഥിരപ്പെടുത്തുകയും വിദേശനാണ്യ ശേഖരം സംരക്ഷിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.

വിവാഹ ആവശ്യങ്ങൾക്കായി അടുത്ത ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button