മദ്യപ്രേമികൾക്ക് ആശ്വാസം; ഓൾഡ് മങ്ക് അടക്കമുള്ള ബ്രാൻഡുകൾക്ക് വില കുറച്ചു, പുതിയ നിരക്ക് നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ മദ്യ ബ്രാൻഡുകൾക്ക് വില കുറച്ചു. ജനപ്രിയ ബ്രാൻഡുകൾക്ക് 10 രൂപ മുതൽ 50 രൂപ വരെയാണ് കുറവ് വന്നിരിക്കുന്നത്. ചൊവ്വാഴ്ച മുതൽ പുതിയ വില പ്രാബല്യത്തിൽ വരും.
ഓൾഡ് മങ്ക്, ഓഫീസേഴ്സ് ചോയ്സ്, ലേ മൗണ്ട് റം അടക്കമുള്ള ബ്രാൻഡുകൾക്കാണ് വില കുറച്ചത്. 500 മില്ലി കുപ്പികൾക്ക് സാധാരണയായി 10 രൂപ കുറവാണ് വരുത്തിയിരിക്കുന്നത്. ചില ബ്രാൻഡുകൾക്ക് 20 രൂപയും, ചിലതിന് 30 മുതൽ 50 രൂപ വരെയും കുറവുണ്ടായി.
വിൽപ്പന കുറഞ്ഞ ചില ബ്രാൻഡുകളുടെ വിലയാണ് പ്രധാനമായും കുറച്ചതെന്നാണ് വിവരം. കമ്പനികളുടെ നിർദ്ദേശപ്രകാരമാണ് വില പുതുക്കിയതെന്ന് കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ അറിയിച്ചു.
പുതിയ നിരക്ക് സംബന്ധിച്ച നിർദ്ദേശം ബീവറേജ് ഷോപ്പുകളിലേക്ക് കൈമാറിയിട്ടുണ്ട്. സോഫ്റ്റ്‌വെയറിലും വിലക്കുറവ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്.



